തിരുവനന്തപുരം : പോലീസ് സ്റ്റേഷൻ കത്തിക്കുമെന്ന ലത്തീൻ അതിരൂപതയുടെ ഭീഷണിയിൽ കേസെടുക്കും. വിഴിഞ്ഞം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്താൽ പോലീസ് സ്റ്റേഷൻ കത്തിക്കുമെന്ന ഭീഷണിയിലാണ് അന്വഷണം ആരംഭിച്ചത്. സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാറാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചത്.
വിഴിഞ്ഞം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്താൽ പോലീസ് സ്റ്റേഷൻ കത്തിക്കുമെന്നും ലത്തീൻ അതിരൂപത ഭീഷണി മുഴക്കിയിരുന്നു. അതേസമയം ലത്തീൻ അതിരൂപതയുടെ ഗുരുതരമായ നീക്കത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികൾ തിരുവോണ ദിനമായ ഇന്ന് നിരാഹാര സമരത്തിലാണ്. മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചാണ് നിരാഹാര സമരം നടത്തുന്നത്. തുറമുഖ കവാടത്തിലെ സമര പന്തലിൽ ഒഴിഞ്ഞ വാഴയിലകൾ നിരത്തി നിരാഹാര സദ്യ നടത്തിയാണ് പ്രതിഷേധം.
പൂന്തുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരുമായി മുഖ്യമന്ത്രിയും മന്ത്രിസഭ ഉപസമിതിയും നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഇതുവരെ പ്രശ്‌ന പരിഹാരമുണ്ടായില്ല. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണം സംബന്ധിച്ച് പഠനം വേണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തിലാണ് ഇപ്പോഴും തർക്കം നിലനിൽക്കുന്നത്.
Comments