ന്യൂഡൽഹി: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടനും അവിടുത്തെ ജനങ്ങൾക്കും പ്രചോദനാത്മക നേതൃത്വം നൽകാൻ എലിസബത്തിന് കഴിഞ്ഞെന്നും അവരുടെ വിയോഗത്തിൽ ദു:ഖിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
2015ലെയും 2018-ലെയും യു.കെ. സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും പ്രധാനമന്ത്രി ട്വീറ്റിൽ പരാമർശിച്ചു. രാജ്ഞിയുടെ സൗഹാർദവും ദയയും കലർന്ന പെരുമാറ്റം ഒരിക്കലും മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.മഹാത്മാ ഗാന്ധി വിവാഹവേളയിൽ സമ്മാനിച്ച കൈത്തൂവാല രാജ്ഞി തന്നെ കാണിച്ചുതന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു.
I had memorable meetings with Her Majesty Queen Elizabeth II during my UK visits in 2015 and 2018. I will never forget her warmth and kindness. During one of the meetings she showed me the handkerchief Mahatma Gandhi gifted her on her wedding. I will always cherish that gesture. pic.twitter.com/3aACbxhLgC
— Narendra Modi (@narendramodi) September 8, 2022
ഇന്നലെ രാത്രിയോടെയാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്‌കോട്ട്‌ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യ പ്രശ്‌നങ്ങൾ അവരെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് വിദഗ്‌ദ്ധ പരിശോധനയ്‌ക്ക് ശേഷം അവരുടെ ആരോഗ്യ നിലയിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Comments