ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ നിർമ്മിക്കാൻ തെലങ്കാനയിൽ നിന്നും എത്തിച്ച മോണോലിത്തിക്ക് കല്ല് ഏറെ പണിപ്പെട്ടാണ് ഡൽഹിയിൽ എത്തിച്ചത്. 100 അടി നീളമുള്ള ട്രക്കിന് കടന്നു പോകാൻ നിരവധി ടോൾ പ്ലാസകളിലെ ഗേറ്റുകൾ താൽക്കാലികമായി പൊളിച്ചു നീക്കേണ്ടി വന്നതായി ഗ്രാനൈറ്റ് സ്റ്റുഡിയോ ഡയറക്ടർ രജത് മേത്ത പറഞ്ഞു.
തെലങ്കാനയിലെ ഖമ്മമിലെ ക്വാറിയിൽ നിന്നും എടുത്ത കല്ലിലാണ് 11 അടി ഉയരവും 8.5 അടി വീതിയുമുള്ള നേതാജിയുടെ ചിത്രം കൊത്തിയെടുത്തത്. 65 മെട്രിക് ടൺ ഭാരമുള്ള കല്ല് ഏറെ പണിപ്പെട്ടാണ് ട്രക്കിൽ കയറ്റിയത്. 1,665 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് കല്ല് ഡൽഹിയിലെത്തിയത്. യാത്രാമധ്യേ വാഹത്തിന്റെ ടയർ പൊട്ടുകയും ഏറെ പണിപ്പെട്ടാണ് കല്ല് ഡൽഹിയിലെത്തിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പോലീസും സർക്കാരും കൃത്യമായി ശ്രദ്ധിച്ചത് കൊണ്ട് വലിയ ഗതാഗത കുരുക്ക് ഒഴിവാക്കാൻ സാധിച്ചു. നിരവധി ടോൾ പ്ലാസകളിലൂടെ സഞ്ചരിക്കേണ്ടി വരുകയും ചിലതിലൂടെ ഗതാഗതം സാധ്യമല്ലാത്തതിനാൽ അവ പൊളിച്ചു നീക്കേണ്ടി വന്നു. ട്രക്കിൽ നാല് ഡ്രൈവർമാരും പൈലറ്റ് വാഹനവും പ്രത്യേകം തയ്യാറാക്കിയ മറ്റ് സംവിധാനങ്ങളും ദൗത്യത്തിൽ ഏർപ്പെടുത്തിയിരുന്നു. പകൽ ചൂട് കൂടുതലായത് കാരണം രാത്രി സമയങ്ങളിലാണ് കൂടുതലായും ട്രക്ക് ഓടിച്ചിരുന്നതെന്ന് മേത്ത കൂട്ടിച്ചേർത്തു.
















Comments