ജൗൻപൂർ: 2017-ന് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന പാർട്ടികളുടെ ജീനുകളിൽ എല്ലാം അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കലാപത്തിൽ ഉൾപ്പെട്ടവരുടെ അതേ ഗതി തന്നെ ഈ അഴിമതിക്കാർക്കും നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ ജൗൻപൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ ചടങ്ങും നിർവ്വഹിച്ച ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
2017 ന് മുമ്പുള്ള കാലങ്ങളിൽ സംസ്ഥാനം ഭരിച്ചിരുന്ന സർക്കാരുകളുടെ ജീനുകളിൽ അഴിമതി ഉണ്ടായിരുന്നു. അക്കാലങ്ങളിലെ സർക്കാർ പദ്ധതികളെല്ലാം സ്വന്തം കരാറുകാർക്കും സഹായികൾക്കും പ്രയോജനപ്പെടുന്നതിന് വേണ്ടിയുള്ളതായിരുന്നു. എന്നാൽ ഇന്ന് ഉത്തർപ്രദേശിലെ സ്ഥിതി അതല്ല. യുപിയിൽ താമസിക്കുന്ന ഒരു വ്യക്തി മറ്റ് സംസ്ഥാനങ്ങളിൽ പോകുമ്പോൾ അവർക്ക് ജനങ്ങൾ വില നൽകുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇതായിരുന്നില്ല സ്ഥിതി എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ബിഎസ്പിയും എസ്പിയും ഉത്തർപ്രദേശിനെ ഏറ്റവും മോശം അവസ്ഥയിലാണ് എത്തിച്ചത്.
കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ഒട്ടും സഹിഷ്ണുത കാണിക്കാത്ത നയമാണ് ഇന്നത്തെ ഉത്തർപ്രദേശ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാണിച്ചു. മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് രാജ്യത്തിനു തന്നെ പുതിയ ഒരു ആത്മവിശ്വാസം പകർന്ന് നൽകാൻ യുപി സർക്കാരിന് സാധിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾ എല്ലാം തന്നെ യുപി മാതൃകയെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾക്കും ക്രിമിനലുകൾക്കും സ്ഥാനമില്ലെന്നും ഉത്തർപ്രദേശ് ഇപ്പോൾ കലാപരഹിത സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
















Comments