ആലപ്പുഴ : പൂച്ചയുടെ കടിയേറ്റു ചികിത്സയിലിരിക്കെ വയോധികൻ മരിച്ച സംഭവത്തിൽ മരണകാരണം അധികൃതർ വ്യക്തമാക്കിയില്ലെന്നു ബന്ധുക്കളുടെ പരാതി.കുത്തിയതോട് പറയകാട് ഇടമുറി ശശിധരനാണ് ബുധനാഴ്ച മരിച്ചത്. വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇയാൾക്ക് പൂച്ചയുടെ കടിയേൽക്കുകയായിരുന്നു.
കടിയേറ്റതിന് പിന്നാലെ ശശിധരനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കുത്തിവെയ്പ്പ് അടുപ്പിച്ചു. ശേഷം തുടർ ചികിത്സയ്‌ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ രണ്ടു മണിക്കൂർ നിരീക്ഷിച്ച ശേഷം അധികൃതർ ശശിധരനെ തിരിച്ചയച്ചു. തിരികെ വരും വഴി തുറവൂരിൽ എത്തിയപ്പോഴേക്കും തലചുറ്റലുണ്ടായതോടെ വീണ്ടും തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ സോഡിയവും ഷുഗറും കുറഞ്ഞു.
തുടർന്ന് ആരോഗ്യ സ്ഥിതി വീണ്ടെടുത്തതിനാൽ വീട്ടിൽ തിരിച്ചയച്ചു. വീട്ടിലെത്തിയ ശശിധരൻ വീണ്ടും കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നാലെ ബന്ധുക്കൾ ഇയാളെ മെഡിക്കൽ കോളജിൽ എത്തിച്ചു. 7ന് രാത്രി ഹൃദായാഘാതം ഉണ്ടായി 11 മണിയോടെ മരിക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. സംഭവത്തിൽ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments