ധാക്ക: ദുർഗാ പൂജ ആഘോഷിക്കുന്ന ഹിന്ദുക്കൾക്ക് മതതീവ്രവാദികളിൽ നിന്നും സംരക്ഷണം നൽകുമെന്ന് ബംഗ്ലാദേശ് സർക്കാർ. ഹിന്ദു വിശ്വാസികൾക്ക് പോലീസ് സുരക്ഷയുൾപ്പെടെ നൽകുമെന്ന് ആഭ്യന്തര മന്ത്രി അസാദുസ്സമാൻ ഖാൻ കമാൽ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത മാസം ഒന്നു മുതലാണ് ബംഗ്ലാദേശിൽ ദുർഗാ പൂജ ആഘോഷങ്ങൾക്ക് തുടക്കമാകുക.
കഴിഞ്ഞ വർഷം ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ വ്യാപക അനിഷ്ട സംഭവങ്ങൾക്കാണ് രാജ്യം സാക്ഷിയായത്. മത തീവ്രവാദികൾ ഹിന്ദു വിശ്വാസികളെ ആക്രമിക്കുകയും, ദുർഗാ പൂജ പന്തലുകൾ അടിച്ചു തകർക്കുകയും ചെയ്തു. നിരവധി ഹിന്ദുക്കൾക്ക് സംഘർഷങ്ങൾക്കിടെ ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു. സമാന സാഹചര്യം ആവർത്തിക്കാതിരിക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്റെ നടപടി.
ദുർഗാ പൂജ സുഖമമാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും പൂജാ പന്തലുകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് സാദുസ്സമാൻ ഖാൻ കമാൽ വ്യക്തമാക്കി. ഇതിനായി സിസിടിവി ക്യാമറകൾ സർക്കാർ സ്ഥാപിക്കും. ഇതിന് പുറമേ പരിപാടികൾ ഏകോപിപ്പിക്കാൻ കൂടുതൽ വോളന്റിയർമാരെ നിയോഗിക്കും. സ്ത്രീകളുടെയും, കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകം സജീകരണങ്ങൾ ഒരുക്കും. കൂടുതൽ കൺട്രോൾ റൂമുകൾ തുറക്കും. അക്രമികളെ നേരിടാൻ വിവിധയിടങ്ങളിലായി മൊബൈൽ കോടതികൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കുറി പൂജ പന്തലുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം. ഇതിൽ സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments