കാസർകോട് : മാന്യയിൽ മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടം. 150 ഓളം മരങ്ങൾ കട പുഴകി വീണു. അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. വ്യാപകമായ കൃഷി നാശവുമുണ്ടായി. മാന്യയിലെ പട്ടാജെ, മല്ലടുക്ക എന്നിവിടങ്ങളിലാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് മിന്നൽ ചുഴലി ഉണ്ടായത്. പല വീടുകൾക്ക് മുകളിൽ സ്ഥാപിച്ച ഷീറ്റുകൾ കാറ്റിൽ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലംപ്പൊത്തിയിട്ടുണ്ട്.
പുലർച്ചെ മൂന്നരയോടെ തൃശ്ശൂരിൽ ചാലക്കുടിപ്പുഴ തീരത്തും ചുഴലിക്കാറ്റ് ഉണ്ടായി. ചുഴലിക്കറ്റിൽ നിരവധി മരങ്ങളും, വൈദ്യുത പോസ്റ്റും തകർന്നു. വീടുകളുടെ റൂഫിംഗ് ഷീറ്റ് പറന്നുപോയി. മോനിപ്പിള്ളി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള വൻ ആൽമരം കടപുഴകി. മൂഞ്ഞേലി, തോട്ടവീഥി, കീഴ്താണി മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കാറ്റ് കൂടുതൽ നാശം ഉണ്ടാക്കിയത്.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചുഴലിക്കാറ്റുകൾ പതിവാകുകയാണ്.. അപ്രതീക്ഷിതമായി കടന്നു വരുന്ന ഈ കാറ്റുകൾ വലിയ നാശനഷ്ടമാണ് സൃഷ്ടിക്കുന്നത്. പ്രാദേശികമായി രൂപം പ്രാപിക്കുന്ന ഇത്തരം കാറ്റുകൾ പ്രവചിക്കാൻ കഴിയില്ല. മണിക്കൂറിൽ 100 കിലോമീറ്ററിന് മുകളിലാണ് ഇത്തരം കാറ്റുകളുടെ വേഗം.
Comments