പാലക്കാട്: നമ്പർ വൺ കേരളത്തിൽ പാലമില്ലാത്തതിനെ തുടർന്ന് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് മുളയിൽ കെട്ടിവെച്ച്. പറമ്പിക്കുളം ഓവൻപാടി കോളനിയിലാണ് സംഭവം. ഏഴ് കിലോ മീറ്റർ ദൂരമാണ് പ്രദേശവാസികൾ രോഗിയായ സ്ത്രീയെയും ചുമന്ന് നടന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോളനിവാസിയായ മണിപ്പാടിയപ്പനെയാണ് സമീപവാസികൾ മുളയിൽവെച്ച് കെട്ടി ചുമന്ന് കൊണ്ട് പോയത്. സമീപത്തെ അല്ലിമൂപ്പൻ കോളനിയിൽ നിന്നു മാത്രമാണ് ടൗണിലേക്ക് വാഹന സൗകര്യമുള്ളത്. ഇവിടെയെത്തിച്ച ശേഷം ജീപ്പിൽ സ്ത്രീയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കാടിലൂടെ നടന്നു പോകുന്നതിനിടയിൽ കാട്ടാന ഓടിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
2018 ലുണ്ടായ പ്രളയത്തിൽ കോളനിയിലേക്ക് കടക്കാനുള്ള പാലം തകർന്നതോടെയാണ് നിവാസികളുടെ യാത്രാ ദുരിതം ആരംഭിച്ചത്. പാലം തകർന്നതോടെ കോളനി പൂർണമായും ഒറ്റപ്പെട്ടു. റേഷൻകടയിൽ നിന്നും സാധനങ്ങൾ കൊണ്ടുവരാനും,ആശുപത്രിയിലേക്ക് പോകാനുമെല്ലാം വലിയ പ്രശ്‌നമാണ് കോളനിവാസികൾ നേരിടുന്നത്.
പാലം പുതുക്കി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കോളനിവാസികൾ പഞ്ചായത്തിനെയും മറ്റ് അധികൃതരെയും സമീപിച്ചിരുന്നു. എന്നാൽ യാതൊരു ഫലവും കണ്ടില്ല. പാലമില്ലാത്തതിനാൽ സ്‌കൂളിൽ പോകുന്നതിന് വിദ്യാർത്ഥികൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
















Comments