ഒപ്പം നിൽക്കുന്നവരെ എന്നും ചേർത്ത് പിടിക്കുക എന്നത് തന്നെയാണ് മഹത്തായ കാര്യം . അത്തരത്തിൽ എല്ലാ വ്യക്തികളോടും ഹൃദയ ബന്ധം സൂക്ഷിക്കുന്ന ആളാണ് വിക്രം. ഇപ്പോഴിതാ താരം പങ്കെടുത്ത ഒരു വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. വളരെ ലളിതമായി നിറഞ്ഞ ചിരിയോടെ വധുവിനെയും വരനെയും അനുഗ്രഹിക്കുന്ന വിക്രമിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
വിക്രത്തിന്റെ വീട്ടുജോലിക്കാരനായി 40 വർഷത്തോളം പ്രവർത്തിച്ച ഒളിമാരൻ എന്ന് വ്യക്തിയുടെ മകന്റെ വിവാഹമാണ് നടന്നത്. അദ്ദേഹത്തിന്റെ ഭാര്യ മേരിയും ദീർഘകാലമായി വിക്രത്തിന്റെ സഹായിയായി പ്രവർത്തിക്കുന്നയാളാണ്. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ഒളിമാരന്റെ മരണം. തുടർന്നാണ് മകൻ ദീപക്കിന്റെ വിവാഹം വിക്രം നേതൃത്വം നൽകി നടത്തിയത്.
തിരുപ്പോരൂർ കന്തസാമി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. കൃത്യസമയത്തു തന്നെ വിക്രം ക്ഷേത്രത്തിൽ എത്തിയിരുന്നു . വിവാഹച്ചടങ്ങിൽ താലി കൈമാറ്റം നടത്തിയതും വിക്രമാണ്. വെള്ള സിൽക്ക് ജൂബയും അണിഞ്ഞെത്തിയ താരത്തെ കാണാൻ ആരാധകരുടെ വലിയ ഒരു നിര തന്നെ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു.
താരത്തിന്റേതായി അവസാനം തീയറ്ററുകളിൽ എത്തിയത് കോബ്രയാണ് . അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം വലിയ ജനശ്രദ്ധ നേടിയിരുന്നു. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം ചിത്രത്തിൽ എത്തുന്നത്. ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തിൽ മലയാളത്തിൽ നിന്ന് റോഷൻ മാത്യുവും മിയ ജോർജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒരാഴ്ചത്തെ ആഗോള ഗ്രോസ് 63.5 കോടിയാണ്.
Comments