അഹമ്മദാബാദ്: ഗുജറാത്തിൽ വൻ നിക്ഷേപത്തിന് ധാരണാപത്രം ഒപ്പുവെച്ച് വേദാന്ത ഗ്രൂപ്പ്. 1.54 ലക്ഷം കോടി രൂപ മുടക്കി സെമി കണ്ടക്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കാനാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. വേദാന്തയും ഫോക്‌സ്‌കോൺ ഗ്രൂപ്പുമാണ് പ്ലാന്റ് സ്ഥാപിക്കുക. സെമി കണ്ടക്ടർ ഡിസ്‌പ്ലെ മാനുഫാക്ചറിങ് യൂണിറ്റാണ് ഒരുക്കുക.
94,500 കോടി രൂപ മുതൽമുടക്കി വേദാന്ത ഡിസ്‌പ്ലേസ് ലിമിറ്റഡ് ഡിസ്‌പ്ലേ ഫാബ് യൂണിറ്റും 60,000 കോടി രൂപ മുടക്കി വേദാന്ത സെമി കണ്ടക്ടേഴ്‌സ് ലിമിറ്റഡ് സെമി കണ്ടക്ടർ ഫാബ് യൂണിറ്റും സ്ഥാപിക്കാനാണ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഡിസ്‌പ്ലേ മാനുഫാക്ചറിങ് ഫാബ് യൂണിറ്റാണ് ഗുജറാത്തിൽ നിലവിൽ വരിക.
ഹൈ ടെക് ക്ലസ്റ്ററുകളുടെ രൂപീകരണത്തിലും ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിലും വേദാന്തയും ഫോക്‌സ്‌കോൺ ഗ്രൂപ്പും സംസ്ഥാന സർക്കാരുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കും. ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളുടെ രൂപകൽപനയിലും നിർമാണത്തിലും ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റണമെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിലേക്കുളള വലിയ ചുവടുവെയ്പാണിത്.
സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങൾ കൂടിയാണ് ഇതിലൂടെ നിലവിൽ വരിക.
പദ്ധതി നിലവിൽ വരുന്നതോടെ സെമി കണ്ടക്ടർ നിർമാണത്തിലെ ആഗോള ഹബ്ബായി ഗുജറാത്ത് മാറുമെന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ ഉത്തേജനം നൽകുന്ന പദ്ധതിയാണിതെന്നും സർക്കാർ പറഞ്ഞു.
ഇരുകമ്പനികളെയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തു. ചുവപ്പുനാടയ്‌ക്ക് പകരം ചുവന്ന പരവതാനി വിരിച്ചാണ് രണ്ട് കമ്പനികളെയും സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നതെന്നും സർക്കാർ ഒരു വർഷം പൂർത്തിയാകുന്ന അവസരത്തിൽ കൂടുതൽ നിക്ഷേപങ്ങൾ വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മന്ത്രിമാർ വിദേശ പര്യടനത്തിന് ഒരുങ്ങുന്ന അവസരത്തിലാണ് ഗുജറാത്തിൽ വേദാന്ത ഗ്രൂപ്പ് വൻ നിക്ഷേപം നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയിലും മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും അടക്കമുളളവർ യൂറോപ്യൻ പര്യടനത്തിനായി യാത്ര തിരിക്കുന്നത് സംസ്ഥാനത്ത് വിവാദമായിക്കഴിഞ്ഞു. മന്ത്രിമാരുടെ വിദേശപര്യടനങ്ങൾ കാര്യമായി നടക്കാറുണ്ടെങ്കിലും ഇതനുസരിച്ചുളള നിക്ഷേപമോ പദ്ധതികളോ സംസംസ്ഥാനത്തേക്ക് വരുന്നില്ലെന്നാണ് ആക്ഷേപം.
















Comments