ചെന്നൈ: യൂണിഫോമും ഭക്ഷണവും താമസ സൗകര്യങ്ങളും പുസ്തകങ്ങളും സൗജന്യ വിദ്യാഭ്യാസവും നൽകി പെൺകുട്ടികളെ മതപരിവർത്തനത്തിന് വിധേയരാക്കുന്ന സ്കൂളിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ദേശീയ ബാലാവകാശ കമ്മീഷൻ. ചെന്നൈ റോയപേട്ടയിലെ സി എസ് ഐ മോനാഹൻ സ്കൂളിനെതിരെ നടപടി സ്വീകരിക്കാൻ തമിഴ്നാട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കമ്മീഷൻ നിർദ്ദേശം നൽകി. ഇവിടെ അകപ്പെട്ടിരിക്കുന്ന പെൺകുട്ടികളെ 24 മണിക്കൂറിനുള്ളിൽ പുനരധിവസിപ്പിക്കാനും, സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനും കമ്മീഷൻ ആവശ്യപ്പെട്ടു.
കുട്ടികളെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കാനും ബാലനീതി നിയമ പ്രകാരം കൗൺസിലിംഗ് നൽകാനും കമ്മീഷൻ നിർദ്ദേശം നൽകി. കുട്ടികളെ സ്വന്തം വീടുകളിലേക്കോ മറ്റേതെങ്കിലും സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറ്റി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.
സി എസ് ഐ മോനാഹൻ സ്കൂളിന്റെ നിയന്ത്രണത്തിലുള്ള ശിശുസംരക്ഷണ കേന്ദ്രത്തിന് രജിസ്ട്രേഷൻ ഇല്ലെന്ന് തമിഴ്നാട് സംസ്ഥാന ബാലാവകാശ കമ്മീഷൻ അടുത്തയിടെ കണ്ടെത്തിയിരുന്നു. ദരിദ്രമായ സാമ്പത്തിക ചുറ്റുപാടുകളിൽ നിന്നും വരുന്ന പെൺകുട്ടികളെ ഇവിടെ താമസിപ്പിച്ച് പഠിപ്പിച്ച ശേഷം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു.
എന്നാൽ ബാലാവകാശ കമ്മീഷന്റെ കണ്ടെത്തലുകൾ വ്യാജമാണ് എന്നാണ് തമിഴ്നാട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പീറ്റർ അൽഫോൺസിന്റെ നിലപാട്.
















Comments