വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടുകയാണ്. അധികമാരും പ്രശംസിക്കാതെ ചരിത്രത്തിൽ മൂടപ്പെട്ടു കിടന്ന ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന് സാമൂഹ്യ പരിഷ്കർത്താവിന്റെ പോരാട്ടവും ധീരതകളും ജനങ്ങളിലേയ്‌ക്ക് എത്തിക്കാൻ വിനയന് സാധിച്ചു. ആറാട്ടുപ്പുഴ വേലായുധ പണിക്കരെന്ന ഇതിഹാസ പുരുഷനെ അവതരിപ്പിക്കുന്ന, ജാതി വ്യവസ്ഥയുടെയും അനീതികളുടെയും അടിമത്തത്തിന്റെയും യഥാർത്ഥ കഥ പറയുന്ന ഒരു ചിത്രത്തിൽ ചരിത്രത്തിൽ എവിടെയും അടയാളപ്പെടുത്താത്ത നങ്ങേലി എന്ന കഥാപാത്രത്തെ ചരിത്ര കഥാപാത്രമായി അവതരിപ്പിച്ചതാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ കുറവുകളിലൊന്നായി പലരും ചൂണ്ടിക്കാണിക്കുന്നത്. സിനിമയിൽ നങ്ങേലി എന്ന കഥാപാത്രത്തെ കൊണ്ടുവന്നതിൽ സംവിധായകൻ വിനയന്റെ അജണ്ട തുറന്നു കാട്ടുകയാണ് ബിജെപി നേതാവ് പി.ആർ.ശിവശങ്കർ.
വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന വീരനായകന്റെ അത്യത്ഭുതമായ ചരിത്രത്തോട് പൂർണ്ണമായി നീതി പുലർത്തിയോ എന്ന് സംശയമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മഹത്തായ ചരിത്രം സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുകയും, ആറാട്ടുപുഴ വേലായുധ പണിക്കരെ കൂടുതൽ അടുത്തറിയാനുള്ള ജിജ്ഞാസ യുവാക്കളിൽ സൃഷ്ടിക്കുകയും ചെയ്തു എന്നതിൽ വിനയന് അഭിമാനിക്കാം എന്ന് പി.ആർ.ശിവശങ്കർ പറയുന്നു. മലയാളത്തിലെ നല്ല പീരീഡ് സിനിമകളിൽ ഓർത്തു വെയ്‌ക്കാവുന്നതും, തീർച്ചയായും കണ്ട് ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. എന്നാൽ, സിനിമയുടെ കഥയും തിരക്കഥയും ചരിത്രത്തോടോ വേലായുധ പണിക്കാരോടോ പൂർണ്ണമായും നീതി പുലർത്തുന്നതിൽ പരാജയപ്പെട്ടു. “ഒരു ഈഴവ യുവതി നാണം മറയ്‌ക്കാൻ മേൽമുണ്ട് ധരിച്ച് കായംകുളം കമ്പോളത്തിൽ ചെന്നത് സവർണ്ണർക്കും, മുസ്‌ലിം സമുദായത്തിനും സഹിക്കാൻ കഴിഞ്ഞില്ല” എന്ന സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ 2019 ജനുവരി 12-നു എഴുതിയ ലേഖനത്തിലെ വരികൾ സിനിമ ആക്കിയപ്പോൾ എന്തുകൊണ്ട് വിനയൻ ചിത്രീകരിച്ചില്ല എന്ന് പി.ആർ.ശിവശങ്കർ ചോദിക്കുന്നു.
ചരിത്രത്തില പലതിനെയും ഒഴിവാക്കിയത് പിന്നെയും സഹിക്കാം. എന്നാൽ, ചരിത്രത്തിൽ ഇല്ലാത്ത യുക്തിഭദ്രത ഒട്ടുമില്ലാത്ത ഒരു അസത്യകഥയെ കേരളചരിത്രത്തിലെ ഒരു എണ്ണപ്പെട്ട നവോദ്ധാന നായകന്റെ സിനിമയുടെ ഒരു പ്രധാന കഥാഭാഗമാക്കിയത് എന്തിനാണ്. നങ്ങേലി വേലായുധ പണിക്കരുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്ത്രീ ആയിരുന്നോ? വേലായുധ പണിക്കരുടെ മരണത്തിനുശേഷം മുലക്കരം നൽകാത്തതിന് ഇരു മുലകളും മുറിച്ചുനൽകി അവർ മരണത്തിന് കീഴടങ്ങിയോ? എന്താണ് ചരിത്രം?. ഒരു സ്ത്രീ മുലമുറിച്ച ചരിത്രം ആദ്യമായി ലിഖിത രൂപത്തിൽ അച്ചടിച്ചുവരുന്നത് എസ്.എൻ സദാശിവന്റെ “എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ ” എന്ന പുസ്തകത്തിലാണ്. ആ പുസ്തകത്തിൽ പോലും നങ്ങേലി എന്ന പേര് അദ്ദേഹം എഴുതിയിട്ടില്ല. മുലക്കരം എന്നത് “ബ്രെസ്റ്റ് ടാക്സ്” എന്ന് തെറ്റിദ്ധാരണ വരുത്തിയും മുലക്കരം എന്നാൽ സ്ത്രീകളുടെ മുലയുടെ വലിപ്പവും, ഭംഗിയും അനുസരിച്ചിട്ടാണെന്നുപോലും ഈ മനോരോഗിയായ പണ്ഡിതൻ എഴുതിവെച്ചുവെന്നും പി.ആർ.ശിവശങ്കർ ചൂണ്ടിക്കാണിച്ചു.
കേരളചരിത്രം എഴുതിയ ചരിത്ര പണ്ഡിതൻ എ.ശ്രീധര മേനോൻ, മാർക്സിസ്റ്റ് നേതാക്കളായ സഖാവ് ഇ.എം.എസ്, കെ.ദാമോദരൻ തുടങ്ങിയവരും സാക്ഷാൽ ശ്രീനാരായണ ഗുരുദേവനും, മഹാകവി കുമാരനാശാനും, ഡോ പൽപ്പുവുമൊന്നും നങ്ങേലിയുടെ കഥ പറഞ്ഞു കേട്ടിട്ടില്ല. സത്യത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സംവിധായകൻ 2019 മുതൽ കൊണ്ടുനടന്ന സ്വപ്ന സിനിമയാണ് നങ്ങേലിയുടേത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചാൽ അത് മനസ്സിലാകും. നങ്ങേലി എന്ന കള്ളക്കഥ ജനങ്ങളിലേക്ക് എത്തിക്കുവാൻ മഹാനായ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ആ സാമൂഹ്യ പരിഷ്കർത്താവിനെ, മനുഷ്യസ്നേഹിയെ നിഷ്കരുണം സംവിധായകൻ ഉപയോഗപ്പെടുത്തി എന്നതാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആന്റി ക്ലൈമാക്സ് എന്ന് പി.ആർ.ശിവശങ്കർ ചൂണ്ടിക്കാണിച്ചു.
















Comments