മധ്യപ്രദേശ്: 70 വർഷത്തിന് ശേഷം ഇന്ത്യയിൽ ചീറ്റ പുലികൾ എത്തുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാൽ ഇനിമുതൽ ചീറ്റകളുള്ള ഏക സംസ്ഥാനവും ഇത് തന്നെയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. രാജ്യത്ത് ചീറ്റകൾക്ക് വംശനാശം സംഭവിച്ച് ഇല്ലാതായെങ്കിലും ഇപ്പോൾ അതിന് പരിഹാരമാവുകയാണ്. ചീറ്റകളെ കൂനോ നാഷണൽ പാർക്കിലേക്ക് തുറന്നു വിടുന്ന ചരിത്ര നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ലോകത്തിൽ ആദ്യമായാണ് ഭൂഖണ്ഡങ്ങൾ മറികടന്ന് മൃഗങ്ങളെ മാറ്റിപാർപ്പിക്കുന്നത്. പ്രോജക്ട് ചീറ്റ എന്നറിയപ്പെടുന്ന പദ്ധതി പ്രകാരം ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും അഞ്ച് പെൺപുലികളും മൂന്ന് ആൺപുലികളുമാണ് മധ്യപ്രദേശിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17-നാണ് ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ എത്തിക്കുക. ഇന്ത്യയിൽ ചീറ്റപുലികൾക്ക് വംശനാശം വന്ന് ഏഴു ദശാബ്ദത്തിന് ശേഷമാണ് പുനരധിവസിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിൽ കൂടുതൽ ഉണർവേകുന്ന സംഭവമാകും ഇത്. ചീറ്റയുടെ വരവിൽ ജനങ്ങൾ വളരെ സന്തോഷത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ചീറ്റകളെ മധ്യപ്രദേശിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ ഗ്രാമവാസികൾ അദ്ദേഹത്തോട് നന്ദി പറഞ്ഞിരുന്നു. കൂനോ നാഷണൽ പാർക്കിൽ എത്തുന്ന ചീറ്റകളിൽ മൂന്നെണ്ണത്തെ പ്രധാനമന്ത്രി തന്നെ തുറന്നു വിടും. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
.
ഇന്ത്യയിൽ വംശനാശ ഭീഷണി നേരിട്ടിരുന്ന ചീറ്റ വർഗ്ഗത്തിലെ അവസാനത്തെ ഒരെണ്ണം 1947ൽ ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിൽ ചത്തു. 2019ൽ ഇന്ത്യ ചീറ്റപ്പുലികളെ വാങ്ങാൻ ശ്രമിച്ചിരുന്നു. കൊറോണ വൈറസ് പടർന്നു പിടിച്ചതോടെ പദ്ധതി താൽക്കാലികമായി മാറ്റി വെയ്‌ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലേയ്‌ക്ക് വീണ്ടും ചീറ്റകളെ എത്തിക്കാനുള്ള പരിശ്രമത്തിന് തുടക്കം കുറിച്ചത്. നമീബിയയിൽ നിന്നും 15 മുതൽ 20 ചീറ്റകളെയാണ് ഇന്ത്യ കരാർ പ്രകാരം വാങ്ങാൻ തീരുമാനിച്ചത്.
ചീറ്റകളില്ലാതിരുന്ന ഇന്ത്യൻ കാടുകൾക്ക് 70 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. 1952ലാണ് ചീറ്റകൾ അന്യം നിന്നതായി കേന്ദ്ര വന്യജീവി വകുപ്പ് പ്രഖ്യാപിച്ചത്. ചീറ്റകളെ കൊണ്ടുവരാനായി ഏറെ അലങ്കാരങ്ങളോടെ വിമാനം അയച്ചതും ആഗോള വാർത്താ പ്രാധാന്യം നേടിയിരുന്നു. ചീറ്റയുടെ മുഖം വരച്ചുചേർത്ത വിമാനത്തിലാണ് നമീബിയയിൽ നിന്നും പുലികളെ കൊണ്ടുവരുന്നത്.
















Comments