കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയ്‌ക്ക് ഭീഷണി. സുപ്രീംകോടതി അഭിഭാഷകയായ ബബിലാ ഉമ്മർഖാനാണ് ഭീഷണി നേരിടേണ്ടി വന്നത്.
കൈയ്യും കാലും വെട്ടുമെന്നും ജോലി ചെയ്തത് കൊണ്ടാണ് മകൾക്ക് കൈയ്യും കാലും നഷ്ടമായതെന്ന് വീട്ടുകാർ ഫ്ളക്സ് വെക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി.
സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ കേസിൽ സ്വകാര്യഹർജി നൽകാൻ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ചിലേക്ക് വരുമ്പോഴാണ് ഭീഷണി ഉയർന്നത്. കോടതിയുടെ കോണിപ്പടിയിൽ ഉണ്ടായിരുന്നവരുടെ കൂട്ടത്തിൽനിന്നാണ് ഭീഷണി ഉയർന്നതെന്നും നല്ല തിരക്കുണ്ടായതിനാൽ ആളെ തിരിച്ചറിയാനായില്ലെന്നും വ്യക്തമാക്കി.
അതേസമയം സുരക്ഷാ ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികളായ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം അരുൺ കുമാർ ഉൾപ്പടെ അഞ്ചുപേർ നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
















Comments