ന്യൂഡൽഹി: നീണ്ട 70 വർഷത്തിന് ശേഷം ഇന്ത്യയിലെത്തെത്തുന്ന ചീറ്റ പുലികളെ കാത്ത് രാജ്യം. ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് തുറന്നുവിടുന്ന ചരിത്രനിമിഷത്തിനായി ഇനി കാത്തിരിക്കേണ്ടത് മണിക്കൂറുകൾ മാത്രം.
ലോകത്തിൽ ആദ്യമായാണ് ഭൂഖണ്ഡങ്ങൾ മറികടന്ന് മൃഗങ്ങളെ മാറ്റിപാർപ്പിക്കുന്നത്. പ്രോജക്ട് ചീറ്റ എന്നറിയപ്പെടുന്ന പദ്ധതി പ്രകാരം ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും അഞ്ച് പെൺപുലികളും മൂന്ന് ആൺപുലികളുമാണ് മദ്ധ്യപ്രദേശിലെത്തുന്നത്.കൂനോ നാഷണൽ പാർക്കിൽ എത്തുന്ന ചീറ്റകളിൽ മൂന്നെണ്ണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറന്നുവിടുക.
ചീറ്റകളുടെ പുനരവതരണത്തിനായി രൂപം കൊടുത്ത ‘ആക്ഷൻ പ്ലാൻ ഫോർ ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായാണ് ചീറ്റകൾ രാജ്യത്തെത്തുന്നത്.രാജ്യത്തെ വിവിധ നാഷണൽ പാർക്കുകളിലേക്ക് അഞ്ചു വർഷത്തിനുള്ളിൽ 50 ചീറ്റകളെ എത്തിക്കുന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ വംശനാശ ഭീഷണി നേരിട്ടിരുന്ന ചീറ്റ വർഗ്ഗത്തിലെ അവസാനത്തെ ഒരെണ്ണം 1947ൽ ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിൽ ചത്തുപോയിരുന്നു. 2019ൽ ഇന്ത്യ ചീറ്റപ്പുലികളെ വാങ്ങാൻ ശ്രമിച്ചിരുന്നു. കൊറോണ വൈറസ് പടർന്നു പിടിച്ചതോടെ പദ്ധതി താൽക്കാലികമായി മാറ്റി വെയ്‌ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലേയ്‌ക്ക് വീണ്ടും ചീറ്റകളെ എത്തിക്കാനുള്ള പരിശ്രമത്തിന് തുടക്കം കുറിച്ചത്.
നമീബിയയിൽ നിന്നും 15 മുതൽ 20 ചീറ്റകളെയാണ് ഇന്ത്യ കരാർ പ്രകാരം വാങ്ങാൻ തീരുമാനിച്ചത്.ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഭാഗമായി നടന്ന വേട്ടയാടലാണ് ഇന്ത്യൻ ചീറ്റകളുടെ എണ്ണം കുറയലിന് കാരണമായതെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
















Comments