തിരുവനന്തപുരം: ഗവർണർക്കെതിരെ വെട്ടുകിളി ആക്രമണവുമായി സിപിഎം നേതാക്കൾ. ഗവർണർ പദവി എടുത്തു കളയണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. ഒരു പ്രത്യേകതയും ഇല്ലാത്ത സ്ഥാനത്ത് ഇരുന്ന് എന്തും വിളിച്ച് പറയുന്ന നിലയിലേക്ക് കേരളത്തിലെ ഗവർണർ മാറിക്കഴിഞ്ഞുവെന്ന് ജയരാജൻ കുറ്റപ്പെടുത്തി.
ആർക്കോ വേണ്ടി, ആരുടേയോ താൽപ്പര്യങ്ങൾക്കനുസരിച്ച് കേരളത്തിന്റെ ജനാധിപത്യ ബോധത്തെയും സാംസ്‌കാരിക ബോധത്തെയും മലീനസമാക്കുകയാണ് കേരളഗവർണർ ചെയ്യുന്നതെന്ന് ഇപി ജയരാജൻ വിമർശിച്ചു.
എത്രയോ മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം ആണ് അദ്ദേഹം ഇപ്പോൾ ഉന്നയിക്കുന്നതെന്നും ഇത് വരെ എവിടയെയായിരുന്നുവെന്നും എൽഡിഎഫ് കൺവീനർ ചോദിച്ചു. ഗവർണർ സ്വമേധയാ ചെറുതായിക്കൊണ്ടിരിക്കുകയാണ്, തിരുത്തുന്നത് അദ്ദേഹത്തിനും പദവിയ്‌ക്കും നല്ലതാണെന്ന് ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
സർവ്വകലാശാല നിയമനവിവാദങ്ങളിലും വിസി നിയമനത്തിലും ഗവർണർ നിലപാട് കടുപ്പിച്ചതും സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയതുമാണ് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്. ഗവർണർക്ക് അപ്പപ്പോൾ തന്നെ മറുപടി നൽകണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.
















Comments