ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ ഈജിപ്തിലെത്തും. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക കരാറുകളിൽ ഒപ്പിടുമെന്നാണ് സൂചന. ഇജിപ്തിന്റെ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയുമായും പ്രതിരോധ മന്ത്രി ജനറൽ മുഹമ്മദ് അഹമ്മദ് സാക്കിയുമായിട്ടാണ് സുപ്രധാന ചർച്ചകൾ നടക്കുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
‘നാളെ കയ്‌റോയിൽ എത്തുകയാണ്. മൂന്ന് ദിവസത്തെ ഈജിപ്ത് സന്ദർശനം ഇന്ത്യയുടെ പ്രതിരോധ രംഗത്ത് പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സുഹൃദ് രാജ്യമായ ഈജിപ്തിന്റെ പ്രതിരോധ മന്ത്രി ജനറൽ മുഹമ്മദ് അഹമ്മദ് സാക്കിയുമായിട്ടുള്ള കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.’ രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
ഇരുരാജ്യങ്ങളും കരസേനകളുടെ സംയുക്തപരിശീലനത്തിൽ ഏറെ മുന്നോട്ടു പോയിട്ടു ള്ളതാണ്. ഒപ്പം ആത്മനിർഭർ ഭാരതിലൂടെ തേജസ്സ് യുദ്ധവിമാനം ലോകരാജ്യങ്ങൾക്ക് മുന്നിൽ മികച്ച ബദലായി മാറിയതും ഈജിപ്ത് യാത്രയിൽ മുൻഗണന നേടുന്ന വിഷയമാണ്. ബാലിസ്റ്റിക് മിസൈലുകളേയും റഷ്യയുടെ തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതുമെല്ലാം പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ആഗോള പങ്കാളിത്തം വർദ്ധിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യൻ വ്യോമസേനയുടെ ഉന്നത തല സംഘം കഴിഞ്ഞ ജൂണിൽ ഈജിപ്തിൽ പ്രതിരോധ സെമിനാറിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി ഈജിപ്ത് സന്ദർശിച്ചിരുന്നു. 1960ൽ ഇന്ത്യയും ഈജിപ്തും സംയുക്ത മായി യുദ്ധവിമാനം നിർമ്മിച്ചിരുന്നു. 1984 വരെ ഇന്ത്യൻ വൈമാനികരാണ് ഈജിപ്തിലെ വ്യോമസേനാ അംഗങ്ങളെ പരിശീലിപ്പി്ച്ചിരുന്നത്.
ഇന്ത്യ ഏറ്റവുമധികം നിക്ഷേപം നടത്തിയിട്ടുള്ള ഒരു സുപ്രധാന രാജ്യമാണ് ഈജിപ്ത്. ഇതുവരെ 3.15 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യ നടത്തിയിട്ടുണ്ട്. വിവിധ ഇന്ത്യൻ കമ്പനികളാണ് ഈജിപ്തിന്റെ സാമ്പത്തിക വാണിജ്യമേഖലയിൽ മികച്ച രീതിയിൽ പങ്കാളിത്തം ഉറപ്പിച്ചിട്ടുള്ളത്.
















Comments