മുന്ദ്ര: ഇന്ത്യയിൽ നിരോധിച്ച ഇ-സിഗരറ്റ് പിടികൂടി റവന്യൂ ഇന്റലിജൻസ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നാണ് 48 കോടി വില മതിക്കുന്ന ഇ-സിഗരറ്റ് കണ്ടെടുത്തത്. കണ്ടെയ്‌നർ വഴി കടത്തുന്നതിനിടയിലാണ് ഡിആർഐയുടെ പിടിയിലാകുന്നത്. വാഹനത്തിലെ മറ്റ് വസ്തുക്കളും കസ്റ്റംസ് നിയമപ്രകാരം പിടിച്ചെടുത്തു.
തറ തുടയ്‌ക്കുന്ന ഉപകരണങ്ങൾ എന്ന വ്യാജേനയാണ് ഇ-സിഗരറ്റ് കടത്താൻ ശ്രമിച്ചത്. എന്നാൽ വിശദമായി നടത്തിയ പരിശോധനയിൽ ഹാൻഡ് മസാജറുകൾ, 8,.5 ഇഞ്ച് എൽസിഡി റൈറ്റിംഗ് പാഡ്, സിലിക്കൺ പോപ് അപ്പ് ടോയ്‌സ് എന്നിവയും ഉപകരണങ്ങൾക്കൊപ്പം കണ്ടെത്തി. കാർബോർഡ് പെട്ടികളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പതിവിലും ഭാരം തോന്നിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.251 പെട്ടികൾക്കാണ് അമിത ഭാരം തോന്നിയത്. 60 ശതമാനം പെട്ടികൾക്കുള്ളിൽ ഉള്ള ഉപകരണങ്ങൾ ഡിആർഐ വെളിപ്പെടുത്തിയിട്ടില്ല.
250 കാർഡ്‌ബോർഡ് പെട്ടികളിൽ രണ്ട് ലക്ഷം ഇ-സിഗരറ്റും ഒരു പെട്ടിയിൽ പ്രത്യേക തരത്തിൽ നിർമ്മിച്ച 400-ഓളം ഇ-സിഗരറ്റും കണ്ടെടുത്തു. ഇവയെല്ലാം ചൈനീസ് നിർമ്മിതമാണെന്ന് ഡിആർഐ വ്യക്തമാക്കി. ഇ-സിഗരറ്റിന്റെ ഉൽപ്പാദനം, നിർമ്മാണം, ഇറക്കുമതി, കയറ്റുമതി വിൽപ്പന, വിതരണം, പരസ്യപ്പെടുത്തൽ എന്നിവ ഇന്ത്യയിൽ 2019 മുതൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. പുകയിലയിൽ അടങ്ങിയിരിക്കുന്ന ലഹരി പദാർത്ഥമായ നിക്കോട്ടിൻ ചൂടാക്കി സിഗരറ്റ് രൂപത്തിലാക്കുന്നതാണ് ഇ-സിഗരറ്റ്.
















Comments