ഹോവ്: ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ഏകദിന പരമ്പരയിൽ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റിന്റെ ആവേശ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 44.2 ഓവറിൽ ഇന്ത്യൻ വനിതകൾ മറികടന്നു. ഇന്ത്യയുടെ ഓപ്പണർ സ്‍മൃതി മന്ഥാനയ്‌ക്ക് 9 റൺസ് അകലെ സെഞ്ചുറി നഷ്ടമായി. 99 പന്തിൽ 91 റൺസെടുത്ത് നിലക്കെയാണ് മന്ഥാനയുടെ വിക്കറ്റ് നഷ്ടമായതാണ് ഇന്ത്യയുടെ ഏക നിരാശ.
സ്മൃതി മന്ഥാനയ്‌ക്കൊപ്പം ക്രീസിൽ ഇറങ്ങിയ ഷെഫാലി വർമ്മ 6 പന്തിൽ നിന്നും 1 റൺ എടുത്ത് പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റർ യാസ്തിക ഭാട്യ അർദ്ധ സെഞ്ച്വറി നേടിയാണ് പുറത്തായത്. 47 പന്തിൽ നിന്നും 50 റൺസാണ് യാസ്തിക ഭാട്യ നേടിയത്. ഹർമൻപ്രീത് കൗർ 93 പന്തിൽ 68* ഉം ഹർലീൻ ഡിയോൾ 20 പന്തിൽ 6* ഉം റൺസുമായി പുറത്താകാതെ നിന്നു.
തുടക്കത്തിൽ തന്നെ ബാറ്റിംഗ് തകർച്ച നേരിട്ടുവെങ്കിലും ഡാനിയേല വ്യാറ്റ്, സോഫീ എക്കിൾസ്റ്റൺ, അലീസ് ഡേവിഡ്സൺ, ഷാർലറ്റ് ഡീൻ എന്നിവരുടെ ബാറ്റിംഗിൽ 50 ഓവറിൽ ഏഴ് വിക്കറ്റിന് 227 ഇംഗ്ലണ്ട് നേടുകയായിരുന്നു. 50 റൺസെടുത്ത അലീസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യയ്‌ക്കായി ദീപ്തി ശർമ്മ രണ്ടും ജൂലൻ ഗോസ്വാമിയും മേഘ്ന സിംഗും രാജേശ്വരി ഗെയ്‍ക്വാദും സ്നേഹ് റാണയും ഹർലീൻ ഡിയോളും ഓരോ വിക്കറ്റും വീഴ്ത്തി.
Comments