ബോളിവുഡ് – പദ്മിനിയും, വൈജയന്തി മാലയും രേഖയും ശ്രീദേവിയുമടക്കം ഒരു പാട് തെന്നിന്ത്യൻ സുന്ദരികൾക്ക് വാതിലുകൾ തുറന്ന് കൊടുത്തിട്ടുണ്ടെങ്കിലും, ഇന്നേവരെ ഒരു ദക്ഷിണേന്ത്യൻ ഹീറോകളേയും സ്വാഗതം ചെയ്തിട്ടില്ല. ചിരഞ്ജീവിയും, നാഗാർജ്ജുനയും, കമലഹാസനും രജനീകാന്തുമൊക്കെ ഒറ്റയ്ക്കും തെറ്റയ്ക്കും ചില ഹിറ്റുകൾ സമ്പാദിച്ചിട്ടുണ്ടെങ്കിലും, ഒരു ബോളിവുഡ് സൂപ്പർ സ്റ്റാർ എന്നുള്ള പദവിയിലേക്കെത്താൻ അവർക്കാർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ ആ ഒരു പദവിയിലേക്ക് ഇന്ന് ഏറ്റവും സാധ്യതയുള്ള ഒരു താരമാണ് ദുൽഖർ സൽമാൻ. ബോളിവുഡ് സൂപ്പർസ്റ്റാർ അല്ല, ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ഇന്ഡസ്ട്രികളിലും സ്വീകാര്യത ലഭിക്കാൻ പോവുന്ന ഒരു പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ.
ഏറ്റവും ആദ്യത്തേത് മറ്റാർക്കും ഇല്ലാത്ത ഒരു ‘അലഭ്യലഭ്യശ്രീ’ അക്കാര്യത്തിൽ ദുല്ഖറിന്റ പക്കലുണ്ട്. അത് സ്വന്തം വീട്ടിൽ തന്നെയുള്ള ഒരു പാഠപുസ്തകമാണ്. സൂപ്പർസ്റ്റാറിന്റെ മകൻ എന്ന വായിൽ വെച്ചുകിട്ടിയ വെള്ളിക്കരണ്ടിയല്ലത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും കഠിനാദ്ധ്വാനിയായ, ഫോക്കസ്ഡ് ആയ, വീഴ്ചകളിൽ നിന്നും പാഠങ്ങൾ പഠിച്ച്, തെറ്റുകൾ തിരുത്തിയും, അപ്ഡേറ്റഡ് ആയും, പുതിയ പാഠങ്ങൾ പഠിപ്പിച്ചും മുന്നണിയിൽ തിളങ്ങി നിൽക്കുന്ന ഇന്ത്യ കണ്ട ഏറ്റവും സ്മാർട്ടസ്റ്റ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയർ എന്ന പാഠപുസ്തകമാണത്. മോഹൻലാലിനെ നൈസർഗീകമായ കഴിവുകളുള്ള നടനവിസ്മയമായി കണക്കാക്കുമ്പോൾ മമ്മൂട്ടിയെ അങ്ങിനെ കാണാൻ കഴിയില്ല. ഫോക്കസ്, പാഷൻ, കഠിനമായ അദ്ധ്വാനം, ആത്മസമർപ്പണം തുടങ്ങിയ ഘടകങ്ങളാണ് മമ്മൂട്ടിയുടെ ഇന്ധനം. ഓരോ തവണ വീഴുമ്പോഴും അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്തിയും മാറ്റങ്ങൾ വരുത്തിയും തന്റെ കരിയർ ഷെയ്പ്പ് ചെയ്തെടുക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ആ പാഠങ്ങൾ ഒന്നുകിൽ അദ്ദേഹം തന്റെ പുത്രന് പകർന്ന് കൊടുത്തിട്ടുണ്ട്.. അല്ലെങ്കിൽ അത് കണ്ടു മനസ്സിലാക്കി അതെ പാതയിലൂടെ നടക്കാനുള്ള പാകത ദുൽഖറിനുണ്ട്.
ഇനി ദുൽഖറിന്റെ കരിയർ ഒന്ന് സൂക്ഷ്മതയോടെ നിരീക്ഷിച്ചു നോക്കൂ. വളരെ സൂക്ഷിച്ച്, ക്ഷമയോടെ, അടിവെച്ചടിവെച്ചാണ് അദ്ദേഹം ഓരോ കരിയർ മൂവുകളും നടത്തിയിട്ടുള്ളത്. പരീക്ഷണങ്ങൾ നടത്തുമ്പോഴും പരിക്കുകൾ ഒഴിവാക്കിക്കൊണ്ട് തന്നെയാണ് ഓരോ ചുവടുകളും മുന്നോട്ട് വെച്ചിട്ടുള്ളത്. ദുൽഖർ തന്റെ അരങ്ങേറ്റം നടത്തുന്ന സമയത്ത് മമ്മൂട്ടി വിചാരിച്ചാൽ മണിരത്നം പോലുള്ള വമ്പൻ സംവിധായകരുടെ വമ്പൻ പ്രോജക്ടുകളുമായി ദുൽഖറിന്റെ കരിയർ ലോഞ്ച് ചെയ്യാമായിരുന്നു. മുൻനിരയിൽ നിൽക്കുന്ന ടെക്ക്നീഷ്യന്മാരെ കൊണ്ടുവന്ന് വലിയ ആഘോഷങ്ങളോടെ തന്റെ മകനെ ഇൻട്രൊഡ്യൂസ് ചെയ്യാമായിരുന്നു. എന്നിട്ടും ദുൽഖർ തിരഞ്ഞെടുത്ത വഴി ഏതാണ്, തികച്ചും പുതുമുഖങ്ങളായ ടെക്ക്നീഷ്യന്മാരുടെ, വളരെ കുറഞ്ഞ ബജറ്റിൽ നിർമ്മിച്ച… ‘ബോർഡറിങ് ആൻ അമേച്വർ’ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ‘സെക്കൻഡ് ഷോ’. ഒരു ബഹളവുമില്ലാതെ വന്നു പോയി. അതുകൊണ്ട് ദുൽഖറിന് ഒരു ദോഷവും സംഭവിച്ചില്ല.. പിന്നെ വന്ന തീവ്രവും അതുപോലെ തന്നെ.
പക്ഷെ ഓരോ സിനിമയിലും ദുൽഖർ പഠിച്ചുകൊണ്ടിരിക്കയായിരുന്നു. ആ പഠനം ഏതെങ്കിലും നിർമ്മാതാവിന്റെ പോക്കറ്റ് കാലിയാക്കി അയാളെ തെരുവിൽ ഇറക്കിയിട്ടായിരുന്നില്ല. അവിടെയാണ് സ്മാർട്ട്നെസ്സ് എന്ന ഘടകം തിരിച്ചറിയുന്നത്. പിന്നെ ഉസ്താദ് ഹോട്ടലിൽ എത്തുമ്പോഴും അവിടെ നിന്ന് ബാംഗ്ളൂർ ഡെയ്സിൽ എത്തുമ്പോഴും. ദുൽഖർ സൽമാന്റെ കാര്യത്തിൽ ഒരു റിസ്കും ഉണ്ടായിരുന്നില്ല. ഓരോ സിനിമയും പരാജയപ്പെട്ടിരുന്നുവെങ്കിൽ ഒരു ചെറിയ പോറൽ പോലും ദുൽഖറിന് ഏൽക്കുമായിരുന്നില്ല. മറിച്ച് അവയുടെ വിജയങ്ങളിൽ നല്ലൊരു പങ്ക് ദുൽഖറിന് കിട്ടുകയും ചെയ്തു. ഒരു പക്ഷെ ദുൽഖറിന്റെ കരിയറിലെ ആദ്യത്തെ ‘ഹൈറിസ്ക്ക്’ മൂവി ചാർളി ആയിരുന്നിരിക്കണം. പക്ഷെ അതിലേക്ക് എത്തുമ്പോഴേക്കും ഒരു താരത്തിന് വേണ്ട എക്സ്പീരിയൻസ് ദുൽഖറിന് ലഭിച്ചു കഴിഞ്ഞിരുന്നു.
അതെ സമയം ദുൽഖർ യാത്ര ചെയ്തിരുന്നത് ട്രെൻഡിന്റെ കൂടെയായിരുന്നു. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, ‘എബിസിഡി’ ‘കലി’ മുതൽ ‘കുറുപ്പ്’ വരെ ഓരോ സിനിമയിലും ദുൽഖർ കഥാപാത്രങ്ങൾ യുവാക്കളോട് കണക്റ്റ് ചെയ്യുന്നതായിരിക്കണം എന്നുള്ള കൃത്യമായ ധാരണയിൽ ക്രാഫ്റ്റ് ചെയ്തെടുത്തവയാണ്. അതിനിടയിൽ ‘ഒരു എമണ്ടൻ പ്രണയകഥ’യിൽ മാത്രമാണ് ദുൽഖറിന് ചുവട് പിഴച്ചത്. എന്നാൽ അതിനിടയിലുണ്ടായ സോളോയുടെ പരാജയം ദുൽഖറിനെ സംബന്ധിച്ചേടത്തോളം ഒരു ഇൻവെസ്റ്റ്മെന്റ് ആയിരുന്നു എന്ന് പറയാം.
ദുൽഖറിന്റെ അന്യഭാഷാ പ്രവേശങ്ങളും വളരെ കാൽക്കുലേറ്റഡ് ആയിരുന്നു. അവിടെയും റിസ്ക് എലമെൻറ്സ് പരമാവധി കുറച്ചുകൊണ്ടുള്ള ഒരു എക്സ്പോഷർ ആണ് ദുൽഖർ തിരഞ്ഞെടുത്തത്. ഫഹദ് ഫാസിലിനെ പോലെ വമ്പൻ സിനിമകളിലെ വില്ലൻ റോളുകൾക്കൊന്നും തലവെച്ചു കൊടുക്കാൻ ദുൽഖർ പോയില്ല. മറിച്ച് തനിക്ക് കൃത്യമായ പെർഫോമൻസ് സ്പെയ്സുള്ള, എന്നാൽ സിനിമയുടെ ബോക്സ് ഓഫീസ് റിസ്ക്ക് തലയിലേൽക്കാത്ത സിനിമകളിലൂടെയായിരുന്നു അരങ്ങേറ്റം. ‘മഹാനടി’ ആയാലും, ‘ഓകെ കണ്മണി’ ആയാലും ‘കാർവാം’ ആയാലും ദുൽഖർ നൂറു ശതമാനവും സെയ്ഫ് സോണിൽ ആയിരുന്നു. ഇനി ദുൽഖർ അന്യഭാഷയിൽ അഭിനയിക്കുമ്പോൾ ചിരഞ്ജീവിയും, നാഗാർജുനയും, കമൽഹാസനും, ചിരഞ്ജീവിയും, മമ്മൂട്ടിയും, മോഹൻലാലും, എന്തിന് സമകാലികരായ യുവതാരങ്ങൾ പോലും ഇറങ്ങുമ്പോൾ എടുക്കുന്ന ഇൻസെക്യൂരിറ്റി ഇല്ല. നഷ്ടപ്പെടുത്താൻ ഒന്നുമില്ലാതെയാണ് കളത്തിലിറങ്ങുന്നത്.
അതെ സമയം കൃത്യമായ തയ്യാറെടുപ്പുകൾ എടുത്ത് തന്നെയാണ് ഇറങ്ങുകയും ചെയ്യുന്നത്. ബോളിവുഡ് എടുത്തു നോക്കിയാലും, തമിഴും തെലുങ്കും ഇൻഡസ്ട്രി എടുത്ത് നോക്കിയാലും ദുൽഖർ അന്യനല്ല. മെഗാസ്റ്റാറിന്റെ ഗുഡ് വിൽ മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിൽ കൈമുതലാവുമ്പോൾ ദുൽഖറിന്റെ തന്നെ ബന്ധങ്ങളാണ് ബോളിവുഡിൽ കരുതൽ ധനം. പണ്ട് ബാരിജോണിന്റെ ആക്ടിംഗ് ക്ലാസുകളിലേക്ക് പഠിക്കാൻ മമ്മൂട്ടി മകനെ അയച്ചപ്പോൾ കിട്ടിയത് അഭിനയത്തിനുള്ള പാഠങ്ങൾ മാത്രമല്ല. ബോളിവുഡ് ഫാമിലികളിൽ പെട്ട ഇളമുറക്കാരുമായി സൗഹൃദങ്ങളുമാണ്. സോനം കപൂർ മുതൽ ഇങ്ങോട്ട് പല താരസന്തതികളും ദുൽഖറിന്റെ ബാച്ച് മേറ്റ്സും സുഹൃത്തക്കളുമാണ്. മാത്രമല്ല ഹിന്ദിയെക്കൂടാതെ, ചെന്നെയിലെ ബാല്യ കൗമാരങ്ങൾ കൊണ്ട് തമിഴ് ഭാഷയിലും ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്ന പ്രാവീണ്യവും അദ്ദേഹം നേടിയിട്ടുണ്ട്.
അതെ സമയം മമ്മൂട്ടിയെപ്പോലെ തന്നെ തന്റെ ഇമേജിന്റെ കാര്യത്തിലും വളരെ സൂക്ഷ്മതയോടെയാണ് ദുൽഖറും മുന്നോട്ട് നീങ്ങിയിട്ടുള്ളത്. അളന്നു കുറിച്ചുള്ള അഭിപ്രായങ്ങൾ, കഴിവതും വിവാദങ്ങളിൽ നിന്നും മാറിനിൽക്കാൻ എടുക്കുന്ന കരുതലുകൾ, സഹതാരങ്ങളുമായി ഇടപഴകുമ്പോൾ പോലും സൂക്ഷിക്കുന്ന മാന്യമായ സ്പെയ്സ്.. ഇതൊക്കെ ഒരു ലോങ്ങ് കരിയർ വിഷനുള്ള പ്രൊഫഷണലിന്റെ സത്വഗുണങ്ങൾ ആണ്. അതും മമ്മുക്കയിൽ നിന്നും പകർന്ന് കിട്ടിയിട്ടുള്ളതാണെന്നതിൽ ഒരു സംശയവും വേണ്ട. ഇനി മുന്നോട്ടുള്ള കുതിപ്പിൽ ദുൽഖറിന്റെ മുന്നിൽ എന്തെങ്കിലും കൂടുതൽ കരുതലോടെ നോക്കേണ്ടതുണ്ടെങ്കിൽ അത് ഈ ഇമേജിന്റെ സംരക്ഷണമായിരിക്കും. പ്രത്യേകിച്ച് ചോര കുടിക്കാൻ നടക്കുന്ന മീഡിയ കഴുകന്മാരുടെ ഇടയിൽ നിന്ന് പിഴയ്ക്കാൻ അസാമാന്യ കൗശലം തന്നെ വേണ്ടിവരും.
അടുത്ത ദിവസം ആർ ബാൽക്കിയുടെ ചുപ്പ് റിലീസ് ചെയ്യുകയാണ്. ഇവിടെയും ദുൽഖർ സെയ്ഫ് സോണിലാണ്. സണ്ണി ഡിയോളിന്റെ തിരിച്ചുവരവായി കരുതപ്പെടുന്ന സിനിമയിൽ പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞാൽ ദുൽഖർ സൽമാന്റെ ബോളിവുഡ് സ്റ്റാർഡത്തിലേക്കുള്ള പ്രയാണം അടുത്ത ഘട്ടത്തിലേക്ക് കടക്കും. ഓവർ നൈറ്റ് സെൻസേഷൻ ആവുന്നതിലൂടെയല്ല സൂപ്പർ താരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ക്ഷമയോടെ, ഫോക്കസോടെ ഓരോ ചുവടുകളായി മുന്നോട്ട് വെച്ചിട്ടാണ്. ഇതുവരെയുള്ള ഓരോ ചുവടുകളും കൃത്യമാണ്.. ഇനിയും അങ്ങനെയായിരിക്കും എന്ന് തന്നെയാണ് കരുതുന്നത്.
















Comments