ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തിനായി ഏറ്റുമുട്ടാൻ എം.പി ശശി തരൂരും, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും. ഇരുവർക്കും മത്സരിക്കാൻ പാർട്ടി നേതൃത്വം അനുമതി നൽകിയെന്നാണ് റിപ്പോർട്ടുകൾ. ജി-23 നേതാക്കളുടെ ഭാഗത്തു നിന്നും മത്സരിക്കുന്ന ശശി തരൂരിന്റെ എതിർ സ്ഥാനാർത്ഥിയായാണ് അശോക് ഗെഹ്ലോട്ട്.
അടുത്ത മാസം 17 നാണ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. അടുത്ത ദിവസം തന്നെ ഇരുവരും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതായി തിങ്കളാഴ്ച ശശി തരൂർ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. സോണിയയിൽ നിന്നും അനുമതി ലഭിച്ച ശേഷമായിരുന്നു മത്സരിക്കുന്ന വിവരം അദ്ദേഹം ഔദ്യോഗികമായി പുറത്തുവിട്ടത്. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്ന് സോണിയ പ്രതികരിച്ചതെന്നും ശശി തരൂർ പറഞ്ഞു
തിരഞ്ഞെടുപ്പിന്റെ ഭാഗമായി അശോക് ഗെഹ്ലോട്ട് ഈ മാസം 25 ന് ഡൽഹിയിലേക്ക് തിരിക്കും. 26 ന് തിരഞ്ഞെടുപ്പിനായി അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന.
നീണ്ട 20 വർഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിൽ അംഗമല്ലാത്ത ഒരാൾ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വരാൻ തയ്യാറെടുക്കുന്നത്.അടുത്ത മാസം 19 നാണ് വോട്ടെണ്ണൽ.
















Comments