ന്യൂഡൽഹി: അനുകമ്പയുടെയും സഹജീവിസ്‌നേഹത്തിന്റെയും പാരമ്പര്യം കാത്ത് സൂക്ഷിച്ച് ഭാരതീയർ. വിവിധസംഘടനകൾക്ക് ഇന്ത്യക്കാർ കൈമെയ്യ് മറന്ന് സഹായിച്ചത് കോടിക്കണക്കിന് രൂപയാണ്. 2020-2021 വർഷത്തിൽ 23,700 കോടി രൂപയിലധികമാണ് ഇന്ത്യക്കാർ സംഭാവനയായി നൽകിയത്.
ആഗോള ഉപഭോക്തൃ ഗവേഷണ സ്ഥാപനമായ കാന്താറിന്റെ വേൾഡ്പാനൽ ഡിവിഷനും അശോക യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ സോഷ്യൽ ഇംപാക്റ്റ് ആൻഡ് ഫിലാന്ത്രോപ്പിയും ചേർന്ന് നടത്തിയ ‘ഹൗ ഇന്ത്യ ഗിവ്‌സ് 2020-2021’ എന്ന പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംഭാവന നൽകിയതിൽ 44 ശതമാനവും ഇടത്തരം വരുമാനമുള്ള സാധാരണ കുടുംബത്തിൽ നിന്നുള്ളവരാണ്. 16,600 കോടി രൂപയോളം വിവിധ മതസംഘടനകൾക്കും 2900 കോടി രൂപ പാവപ്പെട്ടവർക്കും ഭിക്ഷാടകർക്കും ഇന്ത്യക്കാർ സഹായധനമായി നൽകി. സർക്കാരിതര സംഘടനകൾ,പിഎം കെയേഴ്‌സ് ഫണ്ട,ആശുപത്രികൾ എന്നിവയ്‌ക്കായും ഇന്ത്യക്കാർ പണം ചെലവഴിച്ചു.
18 സംസ്ഥാനങ്ങളിലെ 81,000 വീടുകളിൽ ടെലിഫോൺ വഴിയും മറ്റുമാണ് സർവേ നടത്തിയത്. ഗ്രാമീണമേഖലയിലെ ജനങ്ങളാണ് സംഭാവന നൽകുന്നതിൽ മുൻപന്തിയിലുള്ളത്. കുടുംബത്തിലുള്ളവർക്കും സുഹൃത്തുക്കൾക്കും 10,000 രൂപയ്‌ക്ക് മുകളിൽ സംഭാവന ചെയ്യുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
യാചകർക്ക് 100 രൂപ വരെയും മതസംഘടനകൾക്ക് 500 രൂപവരെയും ചിലസന്ദർഭങ്ങളിൽ അതിൽ കൂടുതലും സംഭാവനയായി നൽകിയിട്ടുണ്ട്. വിശേഷദിവസങ്ങളിലും മതപരമായ ചടങ്ങുകൾക്കു മുന്നോടിയുമായാണ് മതസംഘടനകൾക്ക് സംഭാവന കൂടുതലായും നൽകുന്നത്.
















Comments