തിരുവനന്തപുരം : ഓണം ബംപർ സമ്മാനം കൈയ്യിൽ തട്ടിപ്പോയ രഞ്ജിതയ്‌ക്ക് സമാശ്വാസ സമ്മാനം ലഭിച്ചു. അതേ നമ്പറിലാണ് കുടപ്പനക്കുന്ന് ഇരപ്പുകുഴി എസ്.ആർ.എ.41-ൽ എസ്.പി. ഫോർട്ട് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ രഞ്ജിതയ്‌ക്ക് അഞ്ച് ലക്ഷം രൂപ സമാശ്വാസം ലഭിച്ചത്. ആദ്യമായിട്ടാണ് ഇവർ ലോട്ടറി എടുക്കുന്നത്.
പഴവങ്ങാടിയിലെ ഭഗവതി ലോട്ടറിയിൽ 25 കോടിയുടെ ടിക്കറ്റ് വിൽപ്പനയ്‌ക്ക് വെച്ചിരുന്നു. രഞ്ജിത ടിക്കറ്റെടുക്കാൻ എത്തി, ആദ്യമെടുത്തത് ബംപർ അടിച്ച ടിക്കറ്റാണ്. വളയിട്ട കൈകൾ ആ ടിക്കറ്റിൽ തൊടുന്നതും ഒരു വാർത്താ മാദ്ധ്യമം പുറത്തുവിട്ടിരുന്നു.
എന്നാൽ പെട്ടെന്ന് തന്നെ അവർ കൈമാറ്റി പിന്നീട് വേറെ ടിക്കറ്റ് എടുക്കുകയായിരുന്നു. ടി.ജെ.750605 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചപ്പോൾ തൊട്ടടുത്ത ടിക്കറ്റ് ടി.ജി. സീരീസിൽ അതേ നമ്പരിലുള്ളതായിരുന്നു. ഈ ടിക്കറ്റാണ് രഞ്ജിതയെടുത്തത്.
ഫലം പുറത്തുവന്നപ്പോഴാണ് താൻ എടുക്കാൻ പോയ ടിക്കറ്റാണത് എന്ന് വ്യക്തമായത്. തിങ്കളാഴ്ച ഇവർ ലോട്ടറി ഡയറക്ടറേറ്റിൽ ടിക്കറ്റ് ഹാജരാക്കി. അഞ്ചുലക്ഷം രൂപയിൽ നികുതി കുറച്ചുള്ള 3,15,000 രൂപ വികാസ്ഭവൻ സബ് ട്രഷറിയിലേക്ക് മാറ്റുകയും ചെയ്തു.
Comments