പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഫീസ് നൽകാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ചെറുകഥാകൃത്ത് ടി.പത്മനാഭൻ. നിസാരമായ ഈ പണം പോലും നൽകാനാവാത്ത ഗതികേടിലാണോ സർക്കാർ എന്ന് അദ്ദേഹം ചോദിച്ചു. പണം നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പബ്ലിക് പ്രോസിക്യൂട്ടർക്ക് നയാപൈസ നൽകാൻ തയ്യാറായിട്ടില്ല. എന്നിട്ടും എല്ലാ എതിർപ്പുകളേയും മറികടന്ന് അദ്ദേഹം കേസുമായി മുന്നോട്ട് പോയി. ഏറ്റെടുത്ത ശേഷം ഇതുവരെ കേസ് ഭംഗിയായി കൊണ്ട് പോകാൻ അഭിഭാഷകനായ രാജേഷ് എം മേനോന് കഴിഞ്ഞു. ഇപ്പോൾ അന്തിമ ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുന്നു. ഇതുവരെ പാവത്തിന് നയാ പൈസ സർക്കാർ നൽകിയിട്ടില്ല.
പബ്ലിക് പ്രോസിക്യൂട്ടറുടെ ഫീസ് കേട്ടാൽ നമ്മൾ ഞെട്ടും. 240 രൂപയാണ് ഒരു ദിവസത്തെ കൂലി. ഇത്ര തുച്ഛമായ പ്രതിഫലത്തിലും അദ്ദേഹം രാജിവയ്‌ക്കാതെ കേസുമായി മുന്നോട്ട് പോയി. മധു വധക്കേസിൽ നാലാമത്തെ പ്രോസിക്യൂട്ടർ ആണ അദ്ദേഹമെന്നും പത്മനാഭൻ വ്യക്തമാക്കി.
പ്രോസിക്യൂട്ടർ ഫീസ് നൽകാത്തകാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നിയമസഭയിൽ ഈ ദുരവസ്ഥ പരിഹരിക്കും എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഒരു മാറ്റവും ഉണ്ടായില്ല. ഉദ്യോഗസ്ഥർ ഒന്നും ചെയ്യില്ല. അവരെകൊണ്ട് ഒന്നും ചെയ്യിക്കാൻ നമ്മൾക്ക് കഴിയുകയുമില്ല. ഇത് ഏറെ വേദനാ ജനകമാണെന്നും അദ്ദേഹം പറഞ്ഞു.
Comments