പാലക്കാട്: രണ്ട് ജില്ലകളെ ആശങ്കയിലാഴ്‌ത്തി പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറുകൾ തനിയെ തുറന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു ഷട്ടറുകൾ തുറന്നത്. ഇതേ തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിലും, ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു.
സാങ്കേതിക തകരാർ ആയിരുന്നു ഷട്ടറുകൾ തുറക്കാൻ കാരണമായത്. മൂന്ന് ഷട്ടറുകളായിരുന്നു തുറന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ നേരത്തെ 10 സെന്റീമീറ്റർ ഉയർത്തിയിരുന്നു. ഇതിനിടെയായിരുന്നൂ കൂടുതൽ തുറന്നത്. അധിക ജലം പുറത്തേക്ക് ഒഴുകിയതോടെ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു.
പറമ്പിക്കുളം ആദിവാസി കോളനികളിലെയും, തീര മേഖലകളിൽ താമസിക്കുന്നവരെയുമാണ് അടിയന്തിരമായി മാറ്റിപ്പാർപ്പിച്ചത്. നിലവിൽ 15,000 മുതൽ 20,000 വരെ ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിച്ച് ഷട്ടർ താഴ്‌ത്താൻ മൂന്ന് ദിവസമെങ്കിലും സമയം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം ഷട്ടറുകൾ അപ്രതീക്ഷിതമായി തുറന്നത് പാലക്കാട്, തൃശ്ശൂർ ജില്ലകളെ ആശങ്കയിലാഴ്‌ത്തി. ചാലക്കുടി പുഴയിൽ ഉൾപ്പെടെ വലിയ തോതിലാണ് ജലം ഉയർന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലകളിൽ ഇപ്പോഴും ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.
















Comments