പത്തനംതിട്ട : വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. തിരുവല്ലയിലെ സ്വകാര്യ ഹൈസ്‌കൂൾ ഹോസ്റ്റലിലെ ജൂനിയർ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പുറമറ്റം സ്വദേശിയായ 12 കാരനാണ് 15 വയസുകാരായ സീനിയർ വിദ്യാർത്ഥികളുടെ ലൈംഗിക പീഡനത്തിന് ഇരയായത്.
പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ രക്ഷിതാക്കൾ പറയുന്നു. തിരുവല്ല പോലീസിലാണ് കുട്ടിയുടെ അമ്മ പരാതി നൽകിയത്.പരാതി ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് കൈമാറാനാണ് പോലീസിന്റെ തീരുമാനം
അവധിക്ക് വീട്ടിലെത്തിയ കുട്ടി തിരികെ ഹോസ്റ്റലിൽ പോകാൻ വിസമ്മതിക്കുകയായിരുന്നു. ഹോസ്റ്റലിൽ ആക്കുകയാണെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തി. പിന്നാലെയാണ് കുട്ടിയെ മാതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുന്നത്. തുടർന്നാണ് സഹോദരിയോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെ മാതാപിതാക്കൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കുട്ടിയുടെ നെഞ്ചിൽ നീർക്കെട്ടും കൈയ്യിൽ കടിച്ച പാടും ഉണ്ടെന്ന് മാതാവ് പറഞ്ഞു. കുട്ടിയെ ഷൂ കൊണ്ട് അടിച്ചിരുന്നു. ഭിത്തിയിൽ ശരീരം ചേർത്ത് അമർത്തി , പുറത്ത് പറഞ്ഞാൽ കൊല്ലും എന്ന് വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കി.
Comments