തിരുവനന്തപുരം : കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ ജീവനക്കാരെ സസ്‌പെന്റ് ചെയ്താൽ പോരാ സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്ന് അതിക്രമത്തിനിരയായ രേഷ്മ. ആക്രമിച്ചവർ വീട്ടിൽ വന്ന് മാപ്പ് പറഞ്ഞാൽ പൊറുക്കില്ലെന്നും രേഷ്മ വ്യക്തമാക്കി. ജനം ഡിബേറ്റിൻ പങ്കെടുക്കുകയായിരുന്നു രേഷ്മ.
കഴിഞ്ഞ ദിവസമാണ് മകൾക്കൊപ്പം കൺസെഷൻ പുതുക്കാനെത്തിയ ആമച്ചൽ സ്വദേശി പ്രേമനനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചത്. സംഭവത്തിൽ ജീവനക്കാരെ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെ പോലീസ് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയുതു.കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നാല് പേർക്കുമെതിരെ നടപടി.
ഇതിന് പുറമെ രേഷ്മക്ക് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. അച്ഛനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച രേഷ്മയെയും ജീവനക്കാർ തള്ളി താഴെയിട്ടിരുന്നു. ഇതിനിടെ സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകറും രംഗത്തെത്തി. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ക്ഷമാപണക്കുറിപ്പ് പങ്കുവച്ചത്. ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം. ഇത്തരത്തിൽ ഒരു വൈഷമ്യം ആ പെൺകുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നതിൽ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് താൻ മാപ്പ് ചോദിക്കുന്നു എന്നായിരുന്നു കുറിപ്പ്.
















Comments