ന്യൂയോർക്ക്; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ അഭിസംബോധനയിലാണ് ബൈഡൻ ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയുടെ അഭിസംബോധനയ്‌ക്ക് പിന്നാലെ ആയിരുന്നു ബൈഡന്റെ പ്രസംഗം. മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പോരാടുന്ന ധീരവനിതകൾക്കൊപ്പം നിലകൊളളുകയാണെന്ന് ബൈഡൻ പറഞ്ഞു. അവരെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് റെയ്‌സി ഒന്നും പറഞ്ഞില്ല. ഇറാന്റെ ആണവ പദ്ധതികൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കും യുഎസിന്റെ നടപടികളും ഉൾപ്പെടെയായിരുന്നു പ്രസംഗത്തിൽ ഉടനീളം ചൂണ്ടിക്കാട്ടിയത്. യുഎസിനെ നിശിതമായി വിമർശിക്കുന്നതായിരുന്നു റെയ്‌സിയുടെ വാക്കുകൾ.
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന 22 കാരി മരിച്ചതോടെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി നൂറുകണക്കിനാളുകൾ തെരുവിൽ ഇറങ്ങിയത്. ഏകാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ ഹിജാബ് ഊരി ഉയർത്തിവീശിയായിരുന്നു പ്രതിഷേധത്തിന്റെ ആദ്യഘട്ടം. തുടർന്നാണ് ആയിരക്കണക്കിന് വനിതകൾ ഇത് ഏറ്റെടുത്തത്. രാജ്യത്ത് ഇസ്ലാമിക റിപ്പബ്ലിക് വേണ്ടെന്നാണ് ഇപ്പോൾ വനിതകൾ ഉയർത്തുന്ന മുദ്രാവാക്യം.
പ്രതിഷേധങ്ങളിൽ എട്ടോളം പേർ കൊല്ലപ്പെട്ടതായും അനൗദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. സദാചാര പോലീസിന്റെ കസ്റ്റിഡിയിലിരിക്കെ അമിനിയെ മർദ്ദിച്ചതായും തലയ്‌ക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നതായും അതാണ് മരണകാരണമായതെന്നും കുടുംബക്കാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വനിതകൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.
















Comments