ബംഗളൂരു: ശിവമോഗ ഭീകരാക്രമണക്കേസിലെ പ്രതികൾ കർണാടകയിൽ വ്യാപകമായി സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം.മംഗളൂരു സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മാസ് മുനീർ അഹമ്മദ് , ഇലക്ട്രിക്കൽ എഞ്ചിനീയർ സയ്യിദ് യാസിൻ, ഷാരിഖ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഷാരിഖ് ഒളിവിലാണ്. മറ്റ് രണ്ട് പേരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടതായും പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പോലീസ് റെയ്ഡ് നടത്തി. 11 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. സ്ഫോടകവസ്തുക്കൾ തയ്യാറാക്കാൻ ഉപയോഗിച്ച വസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 14 മൊബൈൽ ഫോണുകൾ, ഒരു ഡോങ്കിൾ, രണ്ട് ലാപ്ടോപ്പുകൾ, പെൻഡ്രൈവ് എന്നിവയാണ് പിടിച്ചെടുത്തതെന്ന് ശിവമോഗ എസ്പി ഡോ ബിഎം ലക്ഷ്മി പ്രസാദ് വ്യക്തമാക്കി. ബോംബുകൾ തയ്യാറാക്കുന്നതിനുള്ള സാമഗ്രികളായ സ്‌ഫോടകവസ്തുക്കൾ, റിലേ സർക്യൂട്ടുകൾ, വയറുകൾ, ബൾബുകൾ, കത്തുന്ന വസ്തുക്കൾ, ബാറ്ററികൾ തുടങ്ങിയവയും അന്വേഷണ സംഘം പിടിച്ചെടുത്തു.
പ്രതികൾ ഭീകര സംഘടനയായ ഐഎസിന്റെ ആശയങ്ങൾ പിന്തുടരുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യയെ മുസ്ലീം രാജ്യമാക്കി മാറ്റാൻ ആഗ്രഹിച്ചിരുന്നതായും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മൂവരും വിവിധ ഇടങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായും പോലീസ് അറിയിച്ചു.
















Comments