ന്യൂഡൽഹി:പോർമുഖത്ത് ഇന്ത്യൻ കരുത്താകാൻ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ. രാജ്യം തദ്ദേശീയമായി നിർമ്മിച്ച യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ സ്‌ക്വാഡ്രൺ അടുത്ത മാസം രാജസ്ഥാനിൽ വെച്ച് കമ്മീഷൻ ചെയ്യും. ഹെലികോപ്റ്ററുകളുടെ പരിശീലനപരിപാടി ഇതിനോടകം തന്നെ ആരംഭിച്ചു.ഒക്ടോബർ മൂന്നിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിദ്ധ്യത്തിൽ വ്യോമസേനയുടെ ജോധ്പൂരിലെ വ്യോമതാവളത്തിന്റെ ഭാഗമാകും.
ഈ വർഷം മാർച്ചിലാണ് കാബിനറ്റ് സുരക്ഷാ കമ്മറ്റി 15 എൽസിഎച്ച് വാങ്ങാനുള്ള കരാറിന് അനുമതി നൽകിയത്. 3887 കോടി രൂപ ഉത്പാദനത്തിനും 377 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനുമായി വകയിരുത്തിയിരുന്നു.
ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ ലിമിറ്റഡ് സീരീസ് പ്രൊഡക്ഷൻ (എൽഎസ്പി) തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും നിർമ്മിച്ചതുമായ അത്യാധുനിക കോംബാറ്റ് ഹെലികോപ്റ്ററാണ്. നിലവിൽ 45 ശതമാനവും രാജ്യത്തെ സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് ഭാവിയിൽ ഇത് 55 ശതമാനമായി വർദ്ധിപ്പിച്ചേക്കും.
രണ്ട് ടാർബോഷാഫ്റ്റ് എഞ്ചിനോടു കൂടിയ ഹെലികോപ്റ്ററിന് മണിക്കൂറിൽ 268 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും. സമുദ്രനിരപ്പിൽ നിന്ന് 16,400 അടി ഉയരത്തിൽ പറന്നുയരാനും ഇറങ്ങാനും ശേഷിയുള്ള ആദ്യ യുദ്ധ ഹെലികോപ്റ്ററാണ് ലൈറ്റ് കോംബാറ്റ്.
ഒരു ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, റഡാർ വാണിംഗ് റിസീവർ, ലേസർ വാണിംഗ് റിസീവർ, മിസൈൽ അപ്രോച്ച് വാണിംഗ് സിസ്റ്റം എന്നിവയുള്ള ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന അത്യാധുനിക സെൻസർ സ്യൂട്ടും എൽസിഎച്ചിനുണ്ട്.
ഭാവിയിൽ റഷ്യയുടെ എംഐ-25,എംഐ-35 എന്നീ യുദ്ധ ഹെലികോപ്റ്ററുകൾക്ക് പകരക്കാരനാവാൻ ശേഷിയുള്ളതാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച എൽസിഎച്ച്.ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് പ്രഹരമേൽപ്പിക്കാനും ടാങ്ക് ആക്രമണങ്ങളെ പ്രതിരോധിക്കാനും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും ഫലപ്രദമായി പ്രയോജനപ്പെടുത്താനും സാധിക്കുന്നവയാണിവ.
കഴിഞ്ഞവർഷം ഝാൻസിയിൽ നടന്ന ചടങ്ങിൽ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പ്രധാനമന്ത്രി വ്യോമസേന മേധാവിയായിരുന്ന വിവേക് റാം ചൗധരിയ്‌ക്ക് കൈമാറിയിരുന്നു.
















Comments