പാറ്റ്‌ന: രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകരരുടെ എല്ലാ പ്രവർത്തനങ്ങളും ബീഹാറിലും ജാർഖണ്ഡി ലുമായി അന്ത്യംകുറിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബീഹാറിലും ജാർഖണ്ഡിലും കമ്യൂണിസ്റ്റ് ഭീകരത അവരുടെ അവസാന നാളുകളിലാണ്. രാജ്യ ദ്രോഹികളെ അമർച്ചചെയ്യുന്നതിൽ അർദ്ധസൈനിക വിഭാഗമായ സീമാ സശസ്ത്ര ബൽ വിഭാഗം നൽകുന്ന സേവനം അഭിനന്ദനാർഹമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
‘സീമാ സശസ്ത്ര ബൽ ജവാന്മാർ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ ശക്തമായിട്ടാണ് പോരാടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിൽ നിർണ്ണായക പങ്കാണ് എസ്എസ്ബി വഹിക്കുന്നത്. ബീഹാറിലും ജാർഖണ്ഡിലും വെച്ചുതന്നെ കമ്യൂണിസ്റ്റ് ഭീകരത അവസാനിപ്പിക്കും.’ അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ നിർണ്ണായക അതിർത്തികളിൽപ്പെട്ട മേഖലകളാണ് ബീഹാറും ജാർഖണ്ഡും. നേപ്പാളും ഭൂട്ടാനും അതിർത്തി പങ്കിടുന്ന ഈ പ്രദേശങ്ങളിലൂടെ കമ്യൂണിസ്റ്റ് ഭീകരർ കടന്നുകയറുന്നത് തടയുന്നത് എസ്എസ്ബിയാണെന്നതിൽ അഭിമാനമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഡൽഹിയിൽ ഇരുന്ന് ചിന്തിച്ചാൽ അതിർത്തിയിലെ ചുമതലകളിൽ എന്താണ് വെല്ലുവിളി എന്ന് തോന്നുക സ്വാഭാവികമാണ്. കാരണം നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ സുഹൃദ് രാജ്യമെന്നതാണ് ഏവരുടേയും ഇത്തരം ചിന്തകൾക്ക് അടിസ്ഥാനം. എന്നാൽ തുറന്നു കിടക്കുന്ന അതിർത്തികളാണ് ഏറ്റവും ഭീഷണിയുള്ള പ്രദേശമെന്ന് മറക്കരുത്. അവിടെ നിതാന്ത ജാഗ്രതയാണ് എസ്എസ്ബി പുലർത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.
















Comments