ചെന്നൈ: സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയ യുവതി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകയറി.തമിഴ്‌നാട്ടിലെ തിരുവാറൂർ ജില്ലയിലെ മയിലാടുതുറയിലെ പ്രവീണയാണ്(30) ഭർത്താവ് നടരാജന്റെ (32) വീടിനു മുന്നിൽ 20 കാത്തിരുന്നിട്ടും അവഗണിച്ചതിനെ തുടർന്നാണ് യുവതി വാതിൽ തകർത്ത് വീടിനകത്ത് കയറിയത്.
24 പവനും ബുള്ളറ്റും 3 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയാണ് പ്രവീണയുടെ വീട്ടുകാർ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിവാഹം നടത്തിയത്.എന്നാൽ മൂന്ന് മാസം കഴിഞ്ഞതിന് പിന്നാലെ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർതൃവീട്ടുകാർ ഉപദ്രവം തുടങ്ങി.
ചെന്നൈയിലെ ഒരു സ്വകാര്യകമ്പനിയിലാണ് നടരാജന് ജോലി. നടരാജൻ ഇല്ലാത്ത സമയം പ്രവീണയെ വീട്ടിൽ നിന്നും പുറത്താക്കിയത്. വീട്ടുകാർ ബന്ധുവീട്ടിലേക്കും മാറി താമസിച്ചു. എന്നാൽ പരാജയം സമ്മതിക്കാൻ പ്രവീണ ഒരുക്കമായിരുന്നില്ല. ഭർതൃവീട്ടുകാർക്കെതിരെ ഡിഎസ്പി വസന്തരാജിന് പരാതി നൽകി.
കഴിഞ്ഞ ദിവസം നടരാജന്റെ വീട്ടുകാർ വീട്ടിലത്തെി പശുവിനെ പരിചരിച്ച ശേഷം തിരിച്ചുപോയി. തന്നെ അവഗണിച്ച് തിരിച്ച് പോയതിൽ പ്രകോപിതയായ യുവതി വാതിൽ പൊളിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പോലീസിനോട് തന്റെ ഭർത്താവിനെ കണ്ടെത്തി തരണമെന്നും ഭർത്താവ് തന്നെ ഉപേക്ഷിക്കുകയാണെങ്കിൽ വീട് വിട്ട് പോകാമെന്നും പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















Comments