ന്യൂഡൽഹി: മഞ്ഞുമലകൾ ഇടിഞ്ഞ് വീഴുന്നത് കണ്ടെത്താനായി റഡാറുകൾ സ്ഥാപിച്ച് സൈന്യം. വടക്കൻ സിക്കിമിൽ ഡിഫൻസ് ജിയോ ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിന്റെ (ഡിജിആർഇ) സഹായത്തോടെയാണ് അവലാഞ്ച് റഡാർ യാഥാർത്ഥ്യമാക്കിയത്. ത്രി ശക്തി കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ തരൺ കുമാർ ഐച്ചാണ് റഡാർ ഉദ്ഘാടനം ചെയ്തത്. മോർത്തിൽ 15,000 അടി ഉയരത്തിലുള്ള സൈന്യത്തിന്റെ ഫോർവേഡ് പോസ്റ്റിലാണ് റഡാർ സ്ഥാപിച്ചിരിക്കുന്നത്.
ഹിമാലയൻ മേഖലയിൽ ഇന്ത്യൻ സൈന്യം നേരിടുന്ന ഹിമപാത അപകടങ്ങൾ പ്രവചിക്കുന്നതിലും ലഘൂകരിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ വിഭാഗമായ ഡിജിആർഇയാണ് അവലാഞ്ച് റഡാർ പ്രവർത്തനക്ഷമമാക്കിയതെന്ന് ലഫ്റ്റനന്റ് കേണൽ റാവത്ത് പറഞ്ഞു. ഹിമപാതങ്ങൾ സംഭവിച്ച് മൂന്ന് സെക്കൻഡിനുള്ളിൽ കണ്ടെത്താനാകും. റഡാർ വഴി ഉയർന്ന പ്രദേശങ്ങളിൽ സുരക്ഷാ കാക്കുന്ന സൈനികരുടെയും സാധാരണക്കാരുടെയും വിലപ്പെട്ട ജീവൻ രക്ഷിക്കാൻ ഇത് സഹായിക്കുമെന്നും ഉദ്ഘാടനത്തിൽ തരൺ കുമാർ പറഞ്ഞു.
ഹിമപാതമുണ്ടായാൽ റഡാറിൽ നിന്നും അലാറം പുറപ്പെടുവിക്കും.ഇതിൽ ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. ഇത് വഴി രാത്രി കാലങ്ങളിലും മഞ്ഞിലും ചിത്രങ്ങൾ വ്യക്തമായി പിടിച്ചെടുക്കാൻ കഴിയും. അപകടകരമായ ഹിമപാതം സംഭവിക്കുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന വിവിധ ഉപകരണങ്ങൾക്ക് പരിഹാരമായിരിക്കും ഈ റഡാർ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മൈക്രോവേവ് പൾസുകളാണ് റഡാറിനെ പ്രവർത്തനക്ഷമമാക്കുന്നത്.
Comments