ഫത്തേഹാബാദ്: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് എതിരെ ഒന്നിച്ച് അണിനിരക്കണമെന്ന ആഹ്വാനവുമായി പ്രതിപക്ഷ പാർട്ടികൾ. രാജ്യത്ത് ബിജെപി മഹാശക്തിയായി മാറി. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമാണ് മുന്നിട്ടിറങ്ങുന്നത്. ഐഎൻഎൽഡി നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിയിലാണ് നേതാക്കളുടെ ഈ പ്രസ്താവന.
മുൻ ഉപ പ്രധാനമന്ത്രി ദേവി ലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിരുന്നു റാലി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്,എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ, ഡിഎംകെ നേതാവ് കനിമൊഴി, സുഖ്ബിർ സിങ് ബാദൽ,തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.2024 ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയിൽ ഹിന്ദുവും മുസ്ലിമും തമ്മിൽ ഒരു വൈരവും ഇല്ല .ഗാന്ധിജി എല്ലാവർക്കുമായാണ് പോരാടിയത്.കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും ബിജെപിയ്‌ക്ക് എതിരെ ഒന്നിക്കണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു.
75 വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസൻമാരാണ് ബിജെപിയെന്ന് സീതാറം യെച്ചൂരി ആരോപിച്ചു. രാജ്യത്തെ തിരിച്ചുപിടിക്കാൻ ജനങ്ങൾ പോരാടണമെന്ന് സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു. കോൺഗ്രസ് പാർട്ടിയുമായി എല്ലാവരും ഒന്നിക്കണമെന്നും,അല്ലാതെ ബിജെപിയെ തോൽപ്പിക്കാൻ മാർഗങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിൽ കോൺഗ്രസിനെതിരെയുള്ള സിപിഎം നിലപാടുകൾ തള്ളിയാണ് യെച്ചൂരിയുടെ ഈ പരാമർശം.
2024 ലെ അധികാരമാറ്റത്തിനായി പ്രവർത്തിക്കാനുള്ള സമയമായെന്ന് ശരത് പവാർ പറഞ്ഞു.
















Comments