ടെഹ്‌റാൻ: 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം നയിക്കുന്ന സ്ത്രീകൾക്ക് താക്കീതുമായി പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. രാജ്യത്ത് അശാന്തി തരംഗമാണെന്നും കലാപമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെയും സമാധാനത്തെയും കരുതി കലാപകാരികൾക്കെതിരെ നിർണ്ണായക നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്വാതന്ത്ര്യത്തിനായും സേച്ഛാധിപത്യ ഭരണത്തിനുമെതിരായും നിരവധി സ്ത്രീകളാണ് പ്രതിഷേധത്തിൽ അണിനിരക്കുന്നത്.അക്രമികളെ തടയാനെന്ന വ്യാജേന സുരക്ഷാ സേന നടത്തുന്ന വെടിവെയ്പ്പിലും മറ്റും അൻപതോളം പേർക്കാണ് ഇത് വരെ ജീവൻ നഷ്ടപ്പെട്ടത്. അമിനിയുടെ മരണം ലോകത്തെ അറിയിച്ച മാദ്ധ്യമപ്രവർത്തകയെ നേരത്തെ ഇറാനിയൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 100 ലധികം പേരാണ് ഇത് വരെ അറസ്റ്റിലായത്. നിരവധി പേർ വീട്ടുതടങ്കലിലാണെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ചയാണ് അഹ്സ അമിനിയെ മതമൗലികവാദികൾ കൊലപ്പെടുത്തിയത്. മുഖം ശരിയായി മറച്ചില്ലെന്ന പേരിൽ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ടെഹ്റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദത്തിലെത്തിച്ച് ക്രൂരമർദ്ദനത്തിനിരയാക്കുകയായിരുന്നു.
















Comments