കൊൽക്കത്തയിലെ ദുർഗാപൂജ ലോകപ്രശസ്തമാണ്. ഒരു നവരാത്രിക്കാലം കൂടി വന്നെത്തിയതോടെ ദുർഗാപൂജയുടെ തിരക്കിലാണ് നാടും നഗരവുമെല്ലാം. .നാടെങ്ങും പന്തലുകളും കൊടി തോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കൊൽക്കത്തയിലെ പന്തലുകളിൽ എല്ലാ വർഷവും വേറിട്ട പ്രമേയങ്ങൾ ഇടംപിടിക്കാറുണ്ട്. ഇക്കുറി സ്വാതന്ത്ര്യാനന്തരം പുറത്തിറക്കിയ ആയിരക്കണക്കിന് സ്മാരക നാണയങ്ങൾ കൊണ്ട് നിർമ്മിച്ച പന്തലാണ് പ്രധാന ആകർഷണം.
ദക്ഷിണ കൊൽക്കത്തയിലെ ധക്കൂറിയയിലെ പ്രശസ്തമായ ബാബുബാഗൻ സർബജനിൻ ദുർഗോത്സവ് പൂജ പന്തലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ‘മാ തുഛേ സലാം’ എന്നതാണ് പന്തലിന്റെ പ്രമേയം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നേരിട്ട് പങ്കെടുത്തവരും ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെയും സ്വാധീനിച്ചവരുമായ പ്രധാനികളെയും പന്തലിൽ ചിത്രീകരിച്ചിട്ടുണ്ട്. ബാബുബാഗൻ സർബജനിൻ ദുർഗ്ഗാ പൂജ പന്തൽ കൊൽക്കത്തയിൽ 61-ാമത് സംഘടിപ്പിക്കുന്ന ദുർഗോത്സവാണിത്. ഈ വർഷത്തെ ദുർഗ പൂജയുടെ പ്രമേയം ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തിയാണെന്നതും ശ്രദ്ധേയമാണ്.
1947 മുതൽ വിവിധ അവസരങ്ങളിൽ നാണയങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അത്തരം നാണയങ്ങളാണ് പന്തലിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ‘മാ’ എന്നാൽ ദുർഗാ ദേവിയാണ്. എന്നാൽ ഇവിടെ ഭാരത മാതയെ വിശേഷിപ്പിക്കുന്നു എന്ന് അധികൃതർ വ്യക്തമാക്കി. ഏകദേശം 40 ലക്ഷം രൂപ ചിലവിട്ട് രണ്ട് മാസം കൊണ്ടാണ് പന്തലിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്നും അധികൃതർ പറഞ്ഞു. ഒക്ടോബർ ഒന്നിനാണ് ദുർഗപൂജ ആരംഭിക്കുന്നത്. ഒക്ടോബർ 5-ന് വിജയദശമിയോടെ ഈ വർഷത്തെ ആഘോഷങ്ങൾ അവസാനിക്കും.
















Comments