കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് ലഹരി പരിശോധന നടത്താനൊരുങ്ങി പോലീസ്. നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കും. നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിൾ പോലീസ് ശേഖരിച്ചു. ലഹരി ഉപയോഗിച്ചോ എന്ന സംശയം ഉയർന്നതിന് പിന്നാലെയാണ് പരിശോധന. ശേഖരിച്ച സാമ്പിൾ വിദഗ്ധ പരിശോധനയ്‌ക്ക് അയക്കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ സമയത്ത് തന്നെയാണ് സാമ്പിളുകളും ശേഖരിച്ചത്. ഓൺലൈൻ അവതാരകയെ അധിക്ഷേപിച്ച കേസിൽ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തുടർപരിശോധനകൾ നടത്താൻ മരട് പോലീസ് തീരുമാനിക്കുന്നത്.
തന്നെ അസഭ്യം പറഞ്ഞു, തന്റെ ടീമിനെ അപമാനിച്ചു, അശ്ലീല ചുവയോട് കൂടി സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതിക്കാരി നൽകിയിരുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ ശ്രീനാഥ് ഭാസിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയാണ് പോലീസ് ഇത്തരമൊരു പരിശോധനയിലേക്ക് കടക്കാൻ കാരണം.
ചട്ടമ്പി സിനിമയുടെ അഭിമുഖത്തിനിടെയാണ് നടൻ അവതാരകയോട് മോശമായി പെരുമാറിയത്. പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി രംഗത്തെത്തിയിരുന്നു. തന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണമാണിതെന്നായിരുന്നു വിശദീകരണം. നേരത്തെ എഫ് എം റേഡിയോ അവതാരകനോട് സമാനമായ രീതിയിൽ ശ്രീനാഥ് പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
Comments