എറണാകുളം: ലഹരിക്ക് അടിമകളായവരെ സിനിമയിൽ ആവശ്യമില്ലെന്ന് സിനിമാ നിർമ്മാതാക്കളുടെ സംഘടന. മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ അറസ്റ്റിലായ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു സംഘടന പ്രവർത്തകരുടെ പ്രതികരണം.
മയക്കുമരുന്നിന് അടിമകളായവരുമായി ചേർന്ന് സിനിമ ചെയ്യാൻ താത്പര്യമില്ല. തങ്ങളുടെ ലൊക്കേഷനുകളിലെല്ലാം പോലീസിന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പരിശോധന നടത്താം. ഏത് അന്വേഷണത്തോടും സഹകരിക്കും. എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നും സംഘടന വ്യക്തമാക്കി.
മയക്കുമരുന്ന് സംഘങ്ങൾ സ്‌പോൺസർ ചെയ്യുന്ന സിനിമകൾ ഉണ്ടെന്നാണ് വാർത്തകൾ. അങ്ങനെയെങ്കിൽ ഇതേക്കുറിച്ച് അന്വേഷഷിക്കണം. ഈ അന്വേഷണത്തെ പിന്തുണയ്‌ക്കും. എല്ലാ സത്യങ്ങളും പുറത്തുകൊണ്ടുവരണം. സിനിമാ താരങ്ങൾ ലഹരി ഉപയോഗിക്കുന്നത് പുതിയ തലമുറയ്‌ക്ക് തെറ്റായ സന്ദേശമാണ് നൽകുക. അതുകൊണ്ടു തന്നെ സമഗ്രമായ അന്വേഷണം തന്നെ നടത്തണമെന്നും സംഘടന പ്രതികരിച്ചു.
Comments