കൊച്ചി : യൂട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ചതിന് പിന്നാലെ വിവാദത്തിലായ ശ്രീനാഥ് ഭാസിയെ സിനിമയുടെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കി. ശ്രീനാഥ് ഭാസി നായകനായ ”ചട്ടമ്പി” എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നാണ് താരത്തെ ഒഴിവാക്കിയത്. സെപ്റ്റംബർ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ചട്ടമ്പി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു നടന്റെ അധിക്ഷേപകരമായ പരാമർശം. റിലീസിന് മുൻപ് തന്നെ ശ്രീനാഥ് ഭാസി ഈ വിവാദത്തിൽ ഉൾപ്പെട്ടിരുന്നു. അവതാരകയുടെ പരാതിയെ തുടർന്നാണ് പോലീസ് പിന്നീട് കേസെടുത്തത്.
തുടർന്ന് നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയോട് വിശദീകരണം തേടുകയുമുണ്ടായി. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനിയിത് ആവർത്തിക്കില്ലെന്ന് പറഞ്ഞതായും നിർമ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. ഈ സാഹചര്യത്തിൽ നടനെ താത്ക്കാലികമായി സിനിമകളിൽ നിന്ന് വിലക്കാനാണ് സംഘടനയുടെ തീരുമാനം.
Comments