മോസ്‌കോ: റഷ്യാ-യുക്രെയ്ൻ പോരാട്ടം തുടരുന്നതിനിടെ സ്വാധീന മേഖലകൾ ഫെഡറേഷന്റെ ഭാഗമാണെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി റഷ്യ. റഷ്യൻ പിന്തുണയുള്ള പ്രവിശ്യകളിലെ ഭരണകൂടങ്ങൾ ഇനി മുതൽ ക്രംലിന്റെ തീരുമാനങ്ങ ളനുസരിച്ച് പ്രവർത്തിക്കുമെന്നും റഷ്യൻ ഭരണകൂടം പ്രഖ്യാപിച്ചു.
യുക്രെയ്നെതിരെ ആക്രമണം ആരംഭിക്കും മുന്നേ അനുകൂല ഭരണകൂട സംവിധാനം ഒരുക്കിയ മേഖലകളിലാണ് റഷ്യ റഫറണ്ടം നടത്തിയത്. ഡോൺസ്റ്റീക്, ലുഹാൻസ്‌ക് മേഖലകളും പുതുതായി ആക്രമിച്ച് കയറിയ ഖേഴ്‌സണും സെപറോഷിയയും അടക്കം റഷ്യൻ ഫെഡറേഷന്റെ ഭാഗമാണെന്നാണ് അറിയിപ്പ്.
റഷ്യയുടെ ഏകപക്ഷീയമായ ഒരു തീരുമാനവും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളോ തങ്ങളോ അംഗീകരിക്കില്ലെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറി യിച്ചു. അന്താരാഷ്‌ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് പുടിൻ നടത്തുന്നതെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൾട്ടൻബർഗും വിമർശിച്ചു.
റഷ്യയ്‌ക്ക് നേരെ കൂടുതൽ അന്താരാഷ്‌ട്ര ഉപരോധം വേണമെന്ന ആവശ്യമാണ് അമേരിക്കയും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ഐക്യരാഷ്‌ട്ര പൊതു സഭയിൽ വച്ചിട്ടുള്ളത്. ചൈനയും റഷ്യയും വീറ്റോപവർ ഉപയോഗിച്ചാണ് സഭയിലെ പ്രമേയത്തെ എതിർക്കുന്നത്. റഷ്യ നടത്തിയ റഫറണ്ടവുമായി ബന്ധപ്പെട്ട മേഖലയിലെ വിഷയങ്ങൾ ഇന്നലെ ഐക്യരാഷ്‌ട്രസഭ ചർച്ച ചെയ്തതിന് പിന്നാലെയാണ് റഷ്യ റഫറണ്ടം നടപ്പാക്കിയത്.
















Comments