ഹൈദരാബാദ്: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിൽ കേന്ദ്രത്തിനെതിരെ എഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പോപ്പുലർഫ്രണ്ടിന്റെ നിരോധനത്തെ പിന്തുണയ്‌ക്കാനാകില്ലെന്ന് ഒവൈസി പറഞ്ഞു. നിരോധനത്തിന്റെ വാർത്തകൾക്ക് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.
വ്യക്തികൾ ചെയ്യുന്ന തെറ്റുകളുടെ പേരിൽ ഒരു സംഘടനയെ അപ്പാടെ നിരോധിക്കുന്നതിനെ പിന്തുണയ്‌ക്കാൻ കഴിയില്ല. പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തനങ്ങളോട് കടുത്ത വിയോജിപ്പുണ്ട്. എങ്കിലും പോപ്പുലർഫ്രണ്ടിന്റെ നിരോധനത്തെ അംഗീകരിക്കാനോ പിന്തുണയ്‌ക്കാനോ കഴിയില്ല.
ഇത്തരം നിരോധനങ്ങൾ അപകടകരമാണെന്ന് വേണം പറയാൻ. ഇത് മുസ്ലീം വിഭാഗത്തിന്റെ അടിച്ചമർത്തലിന് കാരണമാകും. പോപ്പുലർഫ്രണ്ടിന്റെ ലഘുലേഖ ഉള്ളതിന്റെ പേരിൽ എല്ലാ മുസ്ലീങ്ങളെയും യുഎപിഎ ചുമത്തി ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും ഒവൈസി ആരോപിച്ചു.
കോടതി കുറ്റവിമുക്തരാക്കിയിട്ടും ദശകങ്ങളോളം രാജ്യത്തെ മുസ്ലീങ്ങൾക്ക് ജയിലിൽ കഴിയേണ്ടിവരുന്നു. യുഎപിഎ നിയമത്തെയും, ഇതിന് കീഴിലെ നിയമ നടപടികളെയും ശക്തമായി എതിർക്കുന്നു. യുഎപിഎ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ഒവൈസി പ്രതികരിച്ചു.
Comments