ബീജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കരുത്തുറ്റതാക്കിയാൽ ഗുണം ലോകരാജ്യങ്ങൾക്കായിരിക്കുമെന്ന് ചൈനീസ് അംബാസിഡർ സൺ വിഡോംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര വിശ്വാസവും,ധാരണയും വെച്ചുപുലർത്തുക, വിൻ വിൻ സഹകരണം, അതിർത്തികളിലെ പ്രതിസന്ധികൾ പരിഹരിക്കുക, ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുക തുടങ്ങിയ മാർഗ്ഗങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ചൈനയുടെ 73-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിഡോംഗ്. ഇരു രാജ്യങ്ങളിലെ വികസനങ്ങളും, പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനവും മൂലം മാത്രമേ ഏഷ്യൻ നൂറ്റാണ്ട് എന്ന ആശയം യാഥാർഥ്യമാക്കാൻ കഴിയു. മറ്റു ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും, സഹകരണവും ശക്തിപ്പെടുത്തേണ്ട ആവശ്യം ഏറെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കിഴക്കൻ ലഡാക്കിലെ പ്രശ്നം രമ്യമായി പരിഹരിച്ചാൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും. കൂടാതെ വികസന കാര്യങ്ങളിൽ വലിയ സംഭാവനകൾ നടത്താൻ ഇരു രാജ്യങ്ങൾക്ക് സാധിക്കും. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ സാങ്കേതികമായ ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എം ജയശങ്കർ കഴിഞ്ഞ മാസം പറഞ്ഞതിന് പിന്നാലെയാണ് വിഡോംഗിന്റെ പ്രതികരണം.
ഇന്ത്യൻ അതിർത്തികളിൽ ചൈന നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിച്ചെങ്കിൽ മാത്രമേ ഏഷ്യൻ നൂറ്റാണ്ടെന്ന ആശയം സാധ്യമാകു എന്നും ജയശങ്കർ സൂചിപ്പിച്ചിരുന്നു. അടുത്ത വർഷം എസ് സി ഒ, ജി20 തുടങ്ങിയവയുടെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കും. തുടർന്ന് മറ്റു രാജ്യങ്ങളോടൊപ്പം ഇന്ത്യയെ ചൈനയും പിന്തുണയ്‌ക്കുമെന്നും വിഡോംഗ് കൂട്ടിച്ചേർത്തു.
Comments