ബെഗുസാരായി: വെബ്‌സീരിസിലൂടെ സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് സിനിമാ നിർമ്മാതാവും സംവിധായികയുമായ ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബീഹാറിലെ ബെഗുസാരായി കോടതിയാണ് ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എക്‌സ്എക്‌സ്എക്‌സ് (സീസൺ 2) വെബ് സീരീസിനെതിരെയാണ് പരാതി.
മുൻ സൈനികനും ബെഗുസാരായി സ്വദേശിയുമായ ശംഭുകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജഡ്ജിയായ വികാസ് കുമാറാണ് നടപടിക്ക് ഉത്തരവിട്ടത്. എക്‌സ്എക്‌സ്എക്‌സ് വെബ് സീരിസിൽ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട് നിരവധി അധിക്ഷേപകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയതായി പരാതിയിൽ പരാതിയിൽ ആരോപിക്കുന്നു. 2020ലാണ് ശംഭുകുമാർ പരാതി നൽകിയത്.
ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ എഎൽടി ബാലാജിയിലാണ് സീരിസ് സംപ്രേഷണം ചെയ്തത്. ശോഭ കപൂറിനും ബാലാജി ടെലിഫിലിംസുമായി ബന്ധമുണ്ട്. കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ഇരുവർക്കും കോടതി സമൻസ് അയച്ചിരുന്നു. പകരം സീരിസിലെ ചില രംഗങ്ങൾ നീക്കം ചെയ്‌തെന്ന് ഇവർ കോടതിയെ അറിയിച്ചു. കോടതിയിൽ ഹാജരാകാതിരുന്നതിന് പിന്നാലെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ശംഭുകുമാറിന്റെ അഭിഭാഷകനായ ഹൃഷികേശ് വ്യക്തമാക്കി.
















Comments