ഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ജസ്പ്രീത് ബൂമ്രയ്‌ക്ക് പകരം മുഹമ്മദ് സിറാജ് കളിക്കും. പരിക്കിനെ തുടർന്ന് ടി20 പരമ്പരയിൽ നിന്നും ബൂമ്ര ഒഴിവായിരുന്നു. ഇപ്പോൾ, ബൂമ്രയ്‌ക്ക് പകരമായി ദക്ഷിണാഫ്രിക്കക്കെതിരെ ശേഷിക്കുന്ന കളികളിൽ മുഹമ്മദ് സിറാജ് കളിക്കുമെന്നാണ് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തത്. ബുമ്രയ്‌ക്ക് നടുവിന് പരിക്കേറ്റിട്ടുണ്ടെന്നും നിലവിൽ ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ് താരമെന്നും ബിസിസിഐയുടെ ഔദ്യോഗിക മാദ്ധ്യമക്കുറിപ്പിൽ പറയുന്നു. ഏറെക്കാലമായി പരിക്കിന്റെ പിടിയിലാണ് ഇന്ത്യയുടെ സ്റ്റാർ പേസർ. പരിക്കിനെ തുടർന്ന് കഴിഞ്ഞ ഏഷ്യാ കപ്പിലും ബൂമ്രക്ക് കളിക്കാൻ സാധിച്ചിരുന്നില്ല.
ബൂമ്രയുടെ അഭാവം ടൂർണമെന്റിലെ ഇന്ത്യയുടെ പ്രകടനത്തെ സാരമായി ബാധിച്ചിരുന്നു. ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് ബൂമ്രയുടെ അഭാവം. ഒക്ടോബർ 16 മുതൽ ഓസ്ട്രേലിയയിൽ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. ബൂമ്രയുടെ അസാന്നിധ്യം ലോകകപ്പിലെ ഇന്ത്യയുടെ സാദ്ധ്യതകൾക്ക് കനത്ത വെല്ലുവിളിയായേക്കും.
Comments