ന്യൂഡൽഹി: രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു. രാജ്യത്തിനെതിരായ എല്ലാ വെല്ലുവിളികളും മൂന്ന് സേനകളും ഒരുമിച്ച് നേരിടുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. ‘ മൂന്ന് സേനകളുടേയും പ്രതീക്ഷയ്‌ക്കൊത്ത് പ്രവർത്തിക്കാൻ ശ്രമിക്കും. എല്ലാ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നമ്മൾ ഒരുമിച്ച് നേരിടുമെന്നും’ അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ വെല്ലുവിളികൾക്കതിരായി കര, നാവിക, വ്യോമ സേനകളെ ഒരുമിച്ച് പ്രവർത്തിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.
ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായിട്ടാണ് അദ്ദേഹത്തിന്റെ നിയമനം. മിലിട്ടറികാര്യ വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കും. നിലവിൽ ദേശീയ സുരക്ഷാ സമിതിയുടെ സൈനിക ഉപദേഷ്ടാവാണ്. 2021 മെയ് 31-ന് ഈസ്റ്റേൺ ആർമി കമാൻഡറായിട്ടാണ് അദ്ദേഹം വിരമിച്ചത്. കര, നാവിക, വ്യോമ സേനകളിൽ നിന്ന് വിരമിച്ചവരേയും സിഡിഎസ് നിയമനത്തിന് പരിഗണിക്കാൻ വ്യവസ്ഥ ചെയ്ത് ജൂണിൽ കേന്ദ്രം സേനാ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. 65 വയസ്സ് വരെയാണ് സംയുക്ത സൈനിക മേധാവിയുടെ സേവന കാലാവധി. നാല് പതിറ്റാണ്ടോളം രാജ്യത്തെ സേവിച്ച അനിൽ ചൗഹാൻ, സേനയിൽ സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്.
Delhi | I'm proud to be assuming the responsibility of the highest rank in the Indian Armed Forces. I will try to fulfill the expectations from the three defence forces as the Chief of Defence Staff. We will tackle all challenges & difficulties together: CDS General Anil Chauhan pic.twitter.com/QDkPijylxy
— ANI (@ANI) September 30, 2022
1981ൽ 11 ഗൂർഖ റൈഫിൾസിലൂടെയാണ് അദ്ദേഹം സേനയുടെ ഭാഗമാകുന്നത്. കശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സേനയുടെ ഭീകര വിരുദ്ധ നടപടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 2019 ലെ ബാലാകോട്ട് വ്യോമാക്രമണ സമയത്ത്, ആർമിയുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ആയിരുന്നു അനിൽ ചൗഹാൻ. പരം വിശിഷ്ട് സേവാ മെഡൽ, അതിവിശിഷ്ട് സേവാ മെഡൽ, ഉത്തം യുദ്ധ് സേവാ മെഡൽ, വായു സേനാ മെഡൽ തുടങ്ങീ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
















Comments