ന്യൂഡൽഹി: ചില ക്രൈസ്തവ സംഘടനകൾ അത്ഭുത രോഗശാന്തി വാഗ്ദാനം ചെയ്ത് അന്ധവിശ്വാസം പ്രചരിപ്പിച്ച് കുട്ടികളെ മതം മാറ്റുന്നുവെന്ന പരാതികൾ വ്യാപകമാണെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ. പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നും ഈയിടെയായി ഇത്തരത്തിലുള്ള ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. പരാതികളിന്മേൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള മതപരിവർത്തനങ്ങളുടെ വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇങ്ങനെയുള്ള ഏതെങ്കിലും നീക്കം ശ്രദ്ധയിൽ പെട്ടാൽ cp.ncpcr@nic.in എന്ന ഐഡിയിൽ പരാതി നൽകാമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ അറിയിച്ചു. കുട്ടികളുടെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ഹനിക്കുന്ന ഒരു നടപടികളും രാജ്യത്ത് നടക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന സംഭവങ്ങൾ വ്യാപകമാകുന്ന ഝാർഖണ്ഡിലെ ധുംകയിൽ ഉടൻ സന്ദർശനം നടത്തുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. ഇത്തരം സംഭവങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ കമ്മീഷൻ വിലയിരുത്തും. സർക്കാരിന്റെയോ അന്വേഷണ ഏജൻസികളുടെയോ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ വ്യക്തമാക്കി.
















Comments