ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നിലവിൽ ശശി തരൂരും മല്ലികാർജ്ജുൻ ഖാർഗെയും മാത്രം. മത്സര രംഗത്ത് ഉണ്ടായിരുന്ന മൂന്നാമത്തെ സ്ഥാനാർത്ഥി കെ എൻ ത്രിപാഠിയുടെ നാമനിർദ്ദേശ പത്രികകൾ തള്ളി. ഒപ്പുവെക്കുന്നതിൽ വന്ന പാളിച്ച കാരണമാണ് ത്രിപാഠിയുടെ പത്രികകൾ തള്ളിയത്.
ത്രിപാഠിയുടെ പത്രികകൾ തള്ളിയതായി കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു. ആകെ 20 പത്രികകളാണ് ലഭിച്ചിരുന്നത്. ഇവയിൽ 4 എണ്ണമാണ് തള്ളിയത്. ഇതോടെ ശശി തരൂരും മല്ലികാർജ്ജുൻ ഖാർഗെയും തമ്മിലായിരിക്കും മത്സരമെന്ന് വ്യക്തമായി.
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. ആരും പത്രിക പിൻവലിച്ചില്ലെങ്കിൽ വോട്ടിംഗ് പ്രക്രിയയിലേക്ക് നീങ്ങുമെന്ന് മിസ്ത്രി അറിയിച്ചു.
തന്നെ പിന്തുണച്ചവരെ നിരാശരാക്കില്ലെന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ശശി തരൂർ പറഞ്ഞു. പാർട്ടി പഴയ രീതിയിൽ പോകണം എന്ന് കരുതുന്നവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. പാർട്ടിയിൽ സമഗ്രമായ മാറ്റം വേണമെന്ന് കരുതുന്നവർ തന്നെ പരിഗണിക്കണമെന്ന് തരൂർ അഭ്യർത്ഥിച്ചു.
















Comments