ന്യൂഡൽഹി: മഹാത്മാ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്കും ആദരമർപ്പിച്ച് പ്രധാനമന്ത്രി. ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലും ലാൽ ബഹാദൂർ ശാസ്ത്രിയുടെ സമാധി സ്ഥലമായ വിജയ്ഘട്ടിലും എത്തിയ പ്രധാനമന്ത്രി ഇരുവർക്കും പുഷ്പാർച്ചന നടത്തി.
ഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയത്തിലെ ശാസ്ത്രി ഗാലറിയുടെ ചിത്രങ്ങൾ പങ്കുവെച്ച നരേന്ദ്ര മോദി, ജനങ്ങളോട് മ്യൂസിയം സന്ദർശിക്കാൻ ആഹ്വാനം ചെയ്തു.
‘രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന അവസരത്തിൽ, ഈ ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഗാന്ധിജിയുടെ ആദർശങ്ങൾക്ക് എല്ലാ കാലവും പ്രസക്തിയുണ്ട്. ഗാന്ധിജിയോടുള്ള ആദര സൂചകമായി ഏവരും ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്യുകയാണ്.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
‘ലാളിത്യം കൊണ്ടും കർമ്മ കുശലത കൊണ്ടും രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ ആദരം ഏറ്റുവാങ്ങിയ നേതാവാണ് ശാസ്ത്രിജി. രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായകമായ ഒരു സന്ദർഭത്തിലെ അദ്ദേഹത്തിന്റെ സുപ്രധാന നേതൃത്വം എക്കാലവും അനുസ്മരിക്കപ്പെടും. ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിക്കുന്നു.‘ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
















Comments