ന്യൂഡൽഹി: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ (എൽസിഎച്ച്) ആദ്യ ബാച്ച് തിങ്കളാഴ്ച വ്യോമസേനയ്‌ക്ക് കൈമാറും. മിസൈലുകളും മറ്റ് ആയുധങ്ങളും കൂടുതൽ കാര്യക്ഷമമായി പ്രയോഗിക്കാൻ പ്രാപ്തമായ എൽസിഎച്ച് വ്യോമസേനയ്‌ക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
I would be in Jodhpur, Rajasthan tomorrow, 3rd October, to attend the Induction ceremony of the first indigenously developed Light Comat Helicopters (LCH). The induction of these helicopters will be a big boost to the IAF’s combat prowess. Looking forward to it. pic.twitter.com/L3nTfkJx5A
— Rajnath Singh (@rajnathsingh) October 2, 2022
ജോധ്പൂരിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെയും വ്യോമസേന മേധാവി വി.ആർ ചൗധരിയുടെയും സാന്നിധ്യത്തിലാണ് എൽസിഎച്ച് വ്യോമസേനയുടെ ഇൻവെന്ററിയിൽ ഉൾപ്പെടുത്തുക. 5.8 ടൺ ഭാരമുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററാണ് എൽസിഎച്ച്. ഇതിനോടകം കടുപ്പമേറിയ വിവിധ പരീക്ഷണങ്ങൾ എൽസിഎച്ച് പൂർത്തിയാക്കിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഈ ഹെലികോപ്റ്റർ താരതമ്യേന ഉയരമുള്ള മേഖലകളിൽ വിന്യസിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
3,887 കോടി രൂപ ചെലവിൽ 15 എൽസിഎച്ചുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിന് കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ലിമിറ്റഡ് സീരീസ് പ്രൊഡക്ഷനായാണ് എൽസിഎച്ച് നിർമിച്ചത്. ഇതിന്റെ 10 ഹെലികോപ്റ്ററുകൾ വ്യോമസേനയ്‌ക്കും അഞ്ച് ഹെലികോപ്റ്ററുകൾ ഇന്ത്യൻ സൈന്യത്തിനും നൽകുമെന്ന് പ്രതിരോധ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ ധ്രുവുമായി എൽസിഎച്ചിന് സാമ്യമുണ്ട്. നിരവധി സ്റ്റെൽത്ത് ഫീച്ചറുകൾ, വിവിധ സംരക്ഷണ സംവിധാനങ്ങൾ, രാത്രിയിൽ ആക്രമണം നടത്തുന്നതിനുള്ള ശേഷി, മികച്ച ലാൻഡിംഗ് ഗിയർ എന്നിവയെല്ലാം എൽസിഎച്ചിനുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടാതെ എല്ലാ കാലാവസ്ഥയിലും ഉയർന്ന പ്രദേശങ്ങളിലും പോരാടാനും ശത്രുവിന്റെ വ്യോമ പ്രതിരോധശേഷിയെ നാമാവശേഷമാക്കാനും മികച്ച പ്രത്യാക്രമണം നടത്താനുമെല്ലാം എൽസിഎച്ചിന് കഴിയും. വ്യോമസേനയുടെയും ഇന്ത്യൻ സൈന്യത്തിന്റെയും മികച്ച പ്രവർത്തനങ്ങൾക്ക് എൽസിഎച്ച് സഹായകമാകുന്നതാണ്.
















Comments