ജമ്മു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് ദിവസത്തെ ജമ്മു -കശ്മീർ സന്ദർശനം ആരംഭിച്ചു. സന്ദർശനത്തിന്റെ ഭാഗമായി കശ്മീരിലെ വിവിധ സമുദായാംഗങ്ങളുമായി അമിത് ഷാ ആശയവിനിമയം നടത്തി.
ജമ്മു സിഖ് സമുദായാംഗങ്ങൾ, രജ്പുത്, പഹാരി, ഗുജ്ജാർ ബഖർവാൾ എന്നീ സമുദായാംഗങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചു. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നിലനിർത്തിയ മഹാരാജ ഹരിസിംഗിന്റെ ജൻമവാർഷിക ദിനത്തിൽ അവധി പ്രഖ്യാപിച്ചതിന് പ്രധാനമന്ത്രിയെ നന്ദി അറിയിക്കുന്നതായി അമിത് ഷായെ സന്ദർശിച്ച ദോഗ്ര സമൂഹത്തിന്റെ പ്രതിനിധികൾ പറഞ്ഞു.
തലപ്പാവും ഷാളും ഒക്കെ അണിയിച്ചാണ് അവർ അമിത് ഷായോടുളള ആദരവും സ്‌നേഹവും പ്രകടമാക്കിയത്. കശ്മീരിലെ ക്രമസമാധാന നിലയും വിവിധ സമൂഹങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും കൂടിക്കാഴ്ചകളിൽ ചർച്ചയായി. സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലും അദ്ദേഹം സന്ദർശനം നടത്തും.
ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ ഉൾപ്പെടെയുളളവർ നേരത്തെ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.
Comments